കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെട്ടിരിക്കുന്നു എന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിന് ഉള്ളിൽ തന്നെ ആയിരിക്കും. ഇപി ജയരാജനോടും പിണറായി വിജയൻ അനീതി കാണിച്ചുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
എന്ത് വിസ്‌ഫോടനമാണ് സംഭവിക്കുക എന്ന ഭീതിയിലും അങ്കലാപ്പിലുമാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് ബോംബ് പൊട്ടൻ പോകുന്നുവെന്ന് അദ്ദേഹം മുൻകൂട്ടി പറഞ്ഞത്. എന്നാൽ ഏറ്റവും വലിയ ബോംബ് പൊട്ടാൻ പോകുന്നത് സിപിഎമ്മിലാണ്. പിണറായി വിജയന്റെ പിന്നിൽ കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹത്തെ കാത്തുസംരക്ഷിച്ച മനുഷ്യനാണ് ഇപി ജയരാജൻ. അദ്ദേഹത്തോട് കാണിച്ചത് കടുത്ത വിവേചനമാണ്. അദ്ദേഹത്തിന്റെ മനസിലെ ആശങ്കയാണ് കഴിഞ്ഞ ദിവസം വാക്കുകളിലൂടെ പുറത്തുവിട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖം രക്ഷിക്കാനെങ്കിലും എൻഫോഴ്‌സ്‌മെന്റ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ഇഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തില്ലെങ്കിൽ മോദിയുടെയും അമിത് ഷായുടെയും മുഖം നഷ്‌ടപ്പെടും. ഒരുപക്ഷേ പ്രഹസനമോ രാഷ്‌ട്രീയ നാടകമോ ആയിരിക്കാം ഇവിടെ നടക്കുന്നത്. പിണറായിയുടെ മകളുടെ സ്‌ഥാപനത്തിൽ റെയ്‌ഡ് നടക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയെ വർഷങ്ങളായിട്ട് അറിയാം. അദ്ദേഹം സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരുവാണ്. മുഖ്യമന്ത്രിയുടെ യോഗങ്ങൾ നടത്തുന്നത് പിആർ ഏജൻസികളാണെന്നും ഇതിനായി 120 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Also Read: ‘ഇഎംസിസി കമ്പനിയുമായുള്ള ധാരണപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചു’; മുല്ലപ്പള്ളി രാമചന്ദ്രന്‍