ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ വിവരങ്ങൾ പുറത്ത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്‌തി താരങ്ങൾ പ്രതിഷേധം കടുപ്പിച്ചിരിക്കേയാണ് ഗുരുതര കുറ്റങ്ങൾ ചുമത്തിയ വിവരം പുറത്തുവരുന്നത്.
രണ്ടു എഫ്ഐആറുകളാണ് ബ്രിജ് ഭൂഷണെതിരെ ഉള്ളത്. ബ്രിജ് ഭൂഷൺ ലൈംഗികമായി അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരം ഉൾപ്പടെ ഏഴു പേർ നൽകിയ പരാതിയുമായി ബന്ധപ്പെട്ട എഫ്‌ഐആറിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. പരിശീലന കേന്ദ്രങ്ങൾ, വിവിധ അന്താരാഷ്‌ട്ര വേദികൾ, ബ്രിജ് ഭൂഷണിന്റെ ഓഫീസ്, റെസ്‌റ്റോറന്റ് ഉൾപ്പടെ എട്ടു സ്‌ഥലങ്ങളിൽ വെച്ച് ലൈംഗിമായി അതിക്രമിച്ചു, ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളിൽ അനുവാദമില്ലാതെ സ്‌പർശിച്ചു എന്നിങ്ങനെയാണ് എഫ്‌ഐആറിൽ പറയുന്നത്.
ലൈംഗികാതിക്രമം നേരിട്ട താരങ്ങളുടെ നേരത്തെ പുറത്തുവന്ന മൊഴിയിലും ഇതേ വിവരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 354 സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമം, വകുപ്പ് 354 എ ലൈംഗിക ചൂഷണം തുടങ്ങിയവ പ്രകാരമാണ് കേസ്. അതേസമയം, സമരവുമായി മുന്നോട്ട് പോവുകയാണ് ഗുസ്‌തി താരങ്ങൾ. ഗുസ്‌തി താരങ്ങളുടെ തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേരുന്ന ഖാപ് മഹാപഞ്ചായത്തിൽ ആയിരിക്കും സമര പ്രഖ്യാപനം.
അതിനിടെ, നിയമനടപടികളെ തുടർന്ന് ബ്രിജ് ഭൂഷൺ അയോധ്യയിൽ സംഘടിപ്പിക്കാൻ തീരുമാനയിച്ച റാലി മാറ്റിവെച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങളിൽ പോലീസ് അന്വേഷണം നടക്കുന്ന പശ്‌ചാത്തലത്തിൽ റാലി മാറ്റിവെക്കുകയാണെന്നാണ് ബ്രിജ് ഭൂഷണിന്റെ വിശദീകരണം.
Most Read: ‘മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടി’യെന്ന് രാഹുൽ; വിമർശനവുമായി ബിജെപി