കാലിഫോർണിയ: മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്‌ച വാഷിങ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ളബിൽ മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ, ബിജെപിയെ എതിർക്കുകയും മുസ്‌ലിം ലീഗിനെ ഒപ്പം നിർത്തുകയും ചെയ്യുന്നതിൽ വൈരുധ്യമില്ലേയെന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് രാഹുൽ, ‘ലീഗ് പൂർണമായും മതേതര പാർട്ടി’യാണെന്ന് പ്രതികരിച്ചത്.
‘മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്. അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ല. ചോദ്യ കർത്താവ് മുസ്‌ലിം ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു’- രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുലിന്റെ പരാമർശത്തിന് പിന്നാലെ, വിമർശനവുമായി ബിജെപി രംഗത്തെത്തി. മുസ്‌ലിം ലീഗിനെ മതേതര പാർട്ടിയെന്ന് വിശേഷിപ്പിച്ചത് വയനാട്ടിൽ സ്വീകാര്യത നിലനിർത്താനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യകത കൊണ്ടാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ വിമർശിച്ചു.
മതത്തിന്റെ അടിസ്‌ഥാനത്തിൽ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികളായ ‘ജിന്നയുടെ മുസ്‌ലിം ലീഗ്’, രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിൽ, ഒരു ‘മതേതര പാർട്ടി’യാണെന്നും മാളവ്യ കുറ്റപ്പെടുത്തി. രാഹുലിന്റെ പ്രസംഗത്തിനെതിരെ നേരത്തെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ രംഗത്തെത്തിയിരുന്നു. രാഹുൽ രാജ്യത്തെ അപമാനിക്കുകയാണെന്ന് മന്ത്രി പറഞ്ഞിരുന്നു.
Most Read: ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും