തിരുവനന്തപുരം: തന്നെ കേരള രാഷ്‌ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു ശോഭ. കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന് പിറകിൽ ശോഭാ സുരേന്ദ്രനാണെന്നായിരുന്നു ഉയർന്നുവന്ന ആരോപണം.
എന്നാൽ, ആരോപണം തള്ളിക്കളയുകയാണ് ശോഭാ സുരേന്ദ്രൻ. ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നും വാർത്തയ്‌ക്ക് പിറകിൽ രാഷ്‌ട്രീയത്തിൽ ശോഭാ സുരേന്ദ്രൻ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും അവർ ആരോപിച്ചു. എന്ത് അടിസ്‌ഥാനത്തിലാണ് ഇത്തരത്തിൽ തന്റെ പേര് വിളിച്ചു പറയുന്നതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.
”ശോഭാ സുരേന്ദ്രൻ എന്ന പൊതുപ്രവർത്തക കേരള രാഷ്‌ട്രീയത്തിൽ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. പിന്നെ ആഗ്രഹിക്കുന്നത് എന്റെ കൂടെ പാർട്ടി മാറാൻ വേണ്ടി ഡെൽഹി വരെയെത്തി, രാമനിലയത്തിലെ 101ആം മുറിയിൽ താമസിച്ച ഇപി ജയരാജനാണ്. 107ആം മുറിയിൽ താമസിച്ചിരുന്ന എന്നെ കാണാൻ 102ആം മുറി കടന്നുവരാൻ കഴിയില്ലെന്നാണ് അന്ന് ജയരാജൻ പറഞ്ഞത്. കാരണം 102ൽ മന്ത്രി കെ രാധാകൃഷ്‌ണൻ താമസിക്കുകയായിരുന്നു.
ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവെച്ചു പൊതുപ്രവർത്തനം അവസാനിപ്പിച്ച് എന്നെ വീട്ടിലിരുത്താനാണ് ആരുടെയെങ്കിലും ശ്രമമെങ്കിൽ, ആ ശ്രമിക്കുന്നവന്റെ മുഖപടം കേരളത്തിന് മുന്നിൽ ചീന്തിയെറിഞ്ഞു കളയാനുള്ള ആവശ്യത്തിനും അത്യാവശ്യത്തിനുമുള്ള ബന്ധങ്ങൾ എനിക്കും കേന്ദ്രതലത്തിലുണ്ട്. തിരൂർ സതീശന്റെ വാട്‌സ്ആപ് സന്ദേശങ്ങളും ഫോൺകോളുകളും എടുപ്പിക്കാൻ പിണറായി വിജയന്റെ കൂടെയുള്ള പോലീസുകാർക്ക് മാത്രമല്ല കഴിവുള്ളത്. അത് മനസിലാക്കണം. നിങ്ങൾക്കെന്നെ കൊല്ലാം, ഇല്ലാതാക്കാൻ കഴിയില്ല. എന്റെ പൊതുപ്രവർത്തനത്തെ അവസാനിപ്പിക്കാൻ ഇല്ലാത്ത ആരോപണം കൊണ്ട് സാധിക്കില്ല.
സതീശന് കേരള ബാങ്കിൽ നിന്ന് ജപ്‌തി ഭീഷണി ഉണ്ടായിരുന്നു. കുറച്ചു തുക ലോണിലേക്ക് അടച്ചുവെന്ന് സതീശൻ പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന സതീശന് ലോണടയ്‌ക്കാനുള്ള തുക എവിടെ നിന്നാണ് ലഭിച്ചത്? സതീശന് പിന്നിൽ ആരാണെന്ന് അന്വേഷിക്കണം. പണത്തിന് വേണ്ടി പാർട്ടിയെ ഒറ്റിക്കൊടുക്കാൻ ശ്രമിച്ച സതീശന് ചാക്കിൽ കണ്ട പണം എടുക്കാമായിരുന്നു. അയാൾ എടുക്കാതിരുന്നത് അങ്ങനെയൊരു ചാക്കും പണവും ഇല്ലാത്തതുകൊണ്ടാണ്”- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ