തിരുവനന്തപുരം: സിൽവർലൈൻ സർവേ നടപടികൾ പുനരാരംഭിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. പ്രതിഷേധങ്ങളെ തുടർന്ന് ഏപ്രിൽ അവസാനമാണ് കല്ലിടൽ നിർത്തിയത്. തൃക്കാക്കര വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സർവേ പുനരാരംഭിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾ ഉള്ളയിടങ്ങളിൽ കല്ലിടൽ നിർത്താനും ജിപിഎസ് സർവേ നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു.
പ്രതിഷേധങ്ങൾ കടുത്തതോടെയാണ് സിൽവർലൈൻ സർവേയും കല്ലിടലും സർക്കാർ നിർത്തിയത്. പകരം ജിയോ ടാഗ് ഉപയോഗിച്ച് സർവേ നടത്താനായിരുന്നു തീരുമാനം. എന്നാൽ, സർവേ എന്ന് പുനരാരംഭിക്കുമെന്ന് കെ റെയിൽ കോർപറേഷൻ തീരുമാനിച്ചിരുന്നില്ല. കല്ലിടലിൽ പകരം ജിയോ ടാഗ് ഉപയോഗിച്ച് സർവേ നടത്താനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലും സർവേ പുനരാരംഭിക്കുന്നതിലും കെ റെയിൽ ഇന്ന് തീരുമാനമെടുത്തേക്കും. സർവേയുടെ കാര്യങ്ങളിലും ഇന്ന് വ്യക്‌തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന് ശേഷം സർവേ നടത്താത്തതും കല്ലിടൽ അവസാനിപ്പിക്കാൻ തീരുമാനിച്ചതും പ്രതിപക്ഷം ആയുധമാക്കിയിരുന്നു. കല്ലിട്ടും അല്ലാതെയും സർവേ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കല്ലിടൽ മരവിപ്പിച്ചെന്നും ജിയോ ടാഗ് ഉപയോഗിച്ച് സർവേ നടത്തുമെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇതനുസരിച്ചുള്ള ക്രമീകരണമാണ് കെ റെയിൽ നടത്തുന്നത്. പദ്ധതിക്ക് ആവശ്യമായി വരുന്ന റെയിൽവേ ഭൂമിയിൽ ജിയോ ടാഗ് സർവേ നടത്തുന്നതിന് കെ റെയിൽ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
Most Read: വിജയ് ബാബു വീണ്ടും ഹാജരാകണം; ചോദ്യം ചെയ്യൽ തുടരും