കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാട് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച പതിനൊന്നുകാരൻ നിഹാൽ നൗഷാദിന്റെ ഖബറടക്കം ഇന്ന് നടക്കും. തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിദേശത്തുള്ള നിഹാലിന്റെ പിതാവ് വിവരമറിഞ്ഞു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. വൈകിട്ടോടെയാണ് നിഹാലിനെ തെരുവുനായ്‌ക്കൾ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്റെ ഗെയിറ്റിന് പുറത്തിറങ്ങിയപ്പോൾ തെരുവ് നായ്‌ക്കൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അരയ്‌ക്ക് താഴെ ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്.
വീടിന്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. വീടിനടുത്തുള്ള കളിസ്‌ഥലത്തേക്ക് എത്തിയതായിരുന്നു നിഹാൽ. ഇതിനിടെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കുട്ടിയെ അഞ്ചു മണി മുതൽ കാണാതായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. രാത്രി 8.45ന് ആണ് നിഹാലിനെ കണ്ടെത്തിയത്.
സംസാരശേഷിയില്ലാത്ത കുട്ടി ആയതിനാൽ ഒന്നുറക്കെ നിലവിളിക്കാൻ പോലും നിഹാലിന് കഴിഞ്ഞിട്ടുണ്ടാവില്ല. അതിദാരുണമായ സംഭവത്തിൽ ഞെട്ടലിലാണ് നാട്ടുകാർ. ശക്‌തമായ പ്രതിഷേധവും നാട്ടുകാരിൽ നിന്ന് ഉയരുന്നുണ്ട്. കുട്ടിയുടെ മരണത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് ദുഃഖം രേഖപ്പെടുത്തി. അതിയായ വേദനയും ദുഖവുമുണ്ട്. ദാരുണമായ മരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Most Read: നെടുമങ്ങാട് ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം; റിപ്പോർട് തേടി ആരോഗ്യമന്ത്രി