കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത-ശുചിത്വ തിരഞ്ഞെടുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘അങ്കച്ചൂടിനൊരു ഹരിതക്കുട’ തെരുവ് നാടകം ആരംഭിച്ചു. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ്, മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങള്‍, ഇതുമൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങളാണ് നാടകത്തിലൂടെ നല്‍കുന്നത്.
ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് നാദം മുരളിയാണ് നാടകത്തിന്റെ സംവിധാനം. നാദം മുരളിയും കണ്ണൂര്‍ സംഘകല ട്രൂപ്പിലെ മറ്റ് അംഗങ്ങളായ ബാബു കൊടോളിപ്രം, അശോകന്‍ പെരുമാച്ചേരി, രതീഷ് അരിമ്പ്ര, സി പി ദാമോദരന്‍ കുറ്റിയാട്ടൂര്‍, അഭി ചൂളിയാട്, പ്രകാശന്‍ കുറ്റിയാട്ടൂര്‍, ജയന്‍ തിരുമന എന്നിവരാണ് നാടകം അവതരിപ്പിച്ചത്. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലെ വിവിധ സ്‌ഥലങ്ങളിലാണ് നാടകം അവതരിപ്പിക്കുക.
കോളേജ് ഓഫ് കൊമേഴ്‌സ് കാമ്പസിലാണ് നാടകത്തിന്റെ ആദ്യ അവതരണം നടന്നത്. ഡെപ്യൂട്ടി കളക്‌ടർ (ദുരന്ത നിവാരണം) സാജന്‍ വി കുര്യാക്കോസ് ഉൽഘാടനം ചെയ്‌തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വിജയമ്മ നായര്‍ അധ്യക്ഷയായി. ഹരിത തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍ കൂടിയായ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എം രാജീവ്, അസിസ്‌റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഇ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read: ഇടതുപക്ഷത്തിന് ജയിക്കാൻ വർഗീയ ശക്‌തികളുടെ പിന്തുണ വേണ്ടെന്ന് മുഖ്യമന്ത്രി