‘ശക്‌തിമാന്‍’ സാഹ ഷോ; ഡെല്‍ഹിക്കെതിരെ ഹൈദരാബാദിന് 88 റണ്‍സ് ജയം

By Sports Desk , Malabar News
Ajwa Travels

ദുബായ്: ഈ സീസണില്‍ ആദ്യമായി അവസരം കിട്ടിയ വൃദ്ധിമാന്‍ സാഹയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡെല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ച് ഐപിഎല്ലില്‍ പ്രതീക്ഷകള്‍ നില നിര്‍ത്തി. തങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന ‘ഡു ഓര്‍ ഡൈ’ മൽസരത്തില്‍ 88 റണ്‍സിനാണ് ഹൈദരാബാദ് ഡെല്‍ഹിയെ തകര്‍ത്തത്.

നിശ്‌ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ 219 റണ്‍സാണ് ഹൈദരാബാദ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡെല്‍ഹി 19 ഓവറില്‍ 131 റണ്‍സിന് എല്ലാവരും പുറത്തായി. പുറത്താകലിന്റെ വക്കില്‍ നിന്ന് ഹൈദരാബാദിനെ രക്ഷിച്ച വൃദ്ധിമാന്‍ സാഹയോട് എവിടെയായിരുന്നു ഇതുവരെ എന്നാകും ഹൈദരാബാദ് ആരാധകര്‍ ചോദിച്ചിട്ടുണ്ടാകുക.

ടോസ് നഷ്‌ടപ്പെട്ടാണ് ബാറ്റിംഗിന് ഇറങ്ങിയതെങ്കിലും സണ്‍റൈസേഴ്‌സിന് ഡേവിഡ് വാര്‍ണറും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് ഈ സീസണിലെ ഏറ്റവും സ്‌ഫോടനാത്‌മക തുടക്കമാണ് നല്‍കിയത്. ജോണി ബെയര്‍സ്‌റ്റോവിന് പകരം ഇറങ്ങിയ സാഹ ആദ്യ ഓവറുകളിലെ ഫീല്‍ഡിംഗ് നിയന്ത്രണം മുതലാക്കി റണ്‍സ് കണ്ടെത്തിയപ്പോള്‍ മോശം ബോളുകളെ തിരഞ്ഞു പിടിച്ച് ശിക്ഷിച്ച വാര്‍ണര്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി.

4.4 ഓവറില്‍ സണ്‍റൈസേഴ്‌സ് 50 കടന്നു. റബാഡയെ ഒരോവറില്‍ രണ്ട് ഫോറിനും ഒരു സിക്‌സിനും പറത്തിയ വാര്‍ണര്‍ വെറും 25 ബോളില്‍ അര്‍ധ സെഞ്ചുറി നേടി തന്റെ 34ആം ജൻമദിനം അവിസ്‌മരണീയമാക്കി. 8.4 ഓവറില്‍ 100 കടന്ന ഹൈദരാബാദിന് ഓവര്‍ ശരാശരി 12 റണ്‍സിനടുത്ത് ഉണ്ടായിരുന്നു. ആര്‍ അശ്വിന്‍ എറിഞ്ഞ 10ആം ഓവറില്‍ 34 പന്തില്‍ 66 റണ്‍സ് എടുത്ത വാര്‍ണര്‍ അക്‌സര്‍ പട്ടേലിന്റെ കൈയില്‍ ഒതുങ്ങിയതോടെ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്‌ടമായി.

നിരവധി തവണ സ്‌പിന്നര്‍മാരെ സ്വീപ്പ് ഷോട്ടിലൂടെ അതിര്‍ത്തി കടത്തിയ സാഹ 27 പന്തുകളില്‍ അര്‍ധ സെഞ്ചുറി നേടി തനിക്ക് കിട്ടിയ അവസരം അര്‍ഹിക്കുന്നതാണെന്ന് തെളിയിച്ചു. സെഞ്ചുറിയിലേക്കുള്ള യാത്രക്കിടെ നോജെയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് സാഹ (45 പന്തില്‍ 87) ശ്രേയസ് അയ്യരുടെ കൈയില്‍ ഒതുങ്ങി.

17.3 ഓവറില്‍ 200 കടന്ന ഹൈദരാബാദ് ഈ സീസണില്‍ ഏറ്റവും വേഗത്തില്‍ 200 റണ്‍സില്‍ എത്തുന്ന ടീം എന്ന ബഹുമതി നേടി. ഈ സീസണില്‍ ദുബൈയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഹൈദരാബാദ് ഈ മൽസരത്തില്‍ നേടിയ 219 ആണ്. മനീഷ് പാണ്ഡെ (44), കെയ്ന്‍ വില്യംസണ്‍ (11) എന്നിവര്‍ പുറത്താകാതെ നിന്നു. ഡെല്‍ഹിക്കായി നോജെ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Read also: പദ്‌മാവത് സിനിമക്കെതിരെ പ്രതിഷേധിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കും; മധ്യപ്രദേശ് മുഖ്യമന്ത്രി

തകര്‍ച്ചയോടെ ആയിരുന്നു ഡെല്‍ഹിയുടെ തുടക്കം. സന്ദീപ് ശര്‍മ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്തായി. നേരിട്ട ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ധവാന്‍ റണ്‍സൊന്നും എടുത്തിരുന്നില്ല. സ്‌ഥാനക്കയറ്റം ലഭിച്ച് വന്ന സ്‌റ്റോണിസിനും അധികം ആയുസ് ഉണ്ടായില്ല. ഷഹ്ബാസ് നദീമിന് സീസണിലെ ആദ്യ വിക്കറ്റായി മിഡോഫില്‍ ഡേവിഡ് വാര്‍ണറുടെ കൈകളില്‍ ഒതുങ്ങുമ്പോള്‍ 5 റണ്‍സായിരുന്നു സ്‌റ്റോണിസിന്റെ സമ്പാദ്യം.

മൂന്നാം വിക്കറ്റില്‍ അജങ്ക്യ രഹാനെയും ഷിംറോണ്‍ ഹെറ്റ്മയറും രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നതിനിടെ ഇരട്ട പ്രഹരമായി റഷീദ് ഖാന്റെ ആദ്യ ഓവര്‍ എത്തി. ആദ്യ പന്തില്‍ ഹെറ്റ്‌മെയറെ (15) ക്‌ളീൻ ബൗള്‍ഡാക്കിയ റഷീദ് ഖാന്‍ അതേ ഓവറില്‍ രഹാനയെ (26) വിക്കറ്റിന് മുന്നില്‍ കുടുക്കി. ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. വിജയ് ശങ്കറെ ഉയര്‍ത്തിയടിച്ച് കെയ്ന്‍ വില്യംസിന്റെ കൈയില്‍ ഒതുങ്ങുമ്പോള്‍ 12 ബോളില്‍ നിന്ന് 7 റണ്‍സായിരുന്നു ശ്രേയസിന്റെ സമ്പാദ്യം. റഷീദ് ഖാന്റെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച അക്‌സര്‍ പട്ടേലിനെ (1) ബൗണ്ടറിയില്‍ പ്രിയം ഗാര്‍ഗ് പിടിച്ചു പുറത്താക്കി.

റബാദെയെ (3) തങ്കരശു നടരാജന്‍ ക്‌ളീൻ ബൗള്‍ ചെയ്‌തു. അമ്പയര്‍ വൈഡ് വിളിച്ച പന്തില്‍ റിവ്യൂ നല്‍കിയ വാര്‍ണറുടെ വിപ്ളവകരമായ തീരുമാനത്തില്‍ ഋഷഭ് പന്ത് (36) പുറത്തായി. വിക്കറ്റ് കീപ്പര്‍ ശ്രീവൽസ് ഗോസ്വാമി എടുത്ത ക്യാച്ചില്‍ പന്ത് ഔട്ടാണെന്ന തേര്‍ഡ് അമ്പയറുടെ തീരുമാനം വന്നതോടെ ഡെല്‍ഹിയുടെ അവസാന പ്രതീക്ഷയും ഇല്ലാതായി. ഹോള്‍ഡറിന്റെ പന്തില്‍ സമദ് പിടിച്ച് ആര്‍ അശ്വിന്‍ (7) പുറത്തായി. അവസാന ഓവറുകളില്‍ തുഷാര്‍ ദേശ്‌പാണ്ഡെ (പുറത്താകാതെ 20) നടത്തിയ പോരാട്ടം തോല്‍വിയുടെ ആഘാതം കുറച്ചു. ഹൈദരാബാദിനായി റഷീദ് ഖാന്‍ (4-0-7-3) മൂന്നും സന്ദീപ് ശര്‍മ, നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

Read also: ‘തല’ മാറില്ല; 2021ലും ധോണി ക്യാപ്റ്റനാകുമെന്ന് ചെന്നൈ സിഇഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE