ന്യൂഡെല്‍ഹി: പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ബോബി ഡിയോൾ നായകനായ ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു സ്വര. ഷൂട്ടിംഗ് സെറ്റില്‍ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകർ അതിക്രമിച്ച് കയറി ആക്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്നുവെന്നും സ്വര പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് എതിരെ ശിക്ഷാനടപടി സ്വീകരിക്കാത്ത പുതിയ ഇന്ത്യയുടെ സംസ്‌കാരം നമ്മളെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാവുന്ന അവസ്‌ഥയിലേക്ക് എത്തിച്ചിരിക്കുന്നെന്നും സ്വര ഭാസ്‌കർ ചൂണ്ടിക്കാട്ടി.
ഞായറാഴ്‌ച ഭോപ്പാലിലെ അരേര ഹില്‍സിലെ ഓള്‍ഡ് ജയില്‍ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. ‘ആശ്രമം’ വെബ് സീരീസിന്റെ പേര് മാറ്റണമെന്നാണ് ഹിന്ദുത്വ വാദികളുടെ ആവശ്യം. സംഘമായി എത്തിയ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ ആക്രമിക്കുകയും സീരീസിന്റെ സംവിധായകൻ പ്രകാശ് ഝായുടെ മുഖത്ത് മഷിയൊഴിക്കുകയും ചെയ്‌തു. പേര് മാറ്റാതെ സീരീസ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഹിന്ദുമതത്തെ അപമാനിക്കുന്നതാണ് ‘ആശ്രമം’ സീരീസ് എന്നാണ് ബജ്‌രംഗ്‌ദളിന്റെ വാദം.
Read also: എൻസിബിക്ക് മുന്നിൽ ഹാജരാകില്ല; സാവകാശം തേടി അനന്യ