അബുദാബി: ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഒന്ന് പോരാട്ടത്തില്‍ ബംഗ്‌ളാദേശിനെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബംഗ്‌ളാദേശ് ഉയർത്തിയ 84 റണ്‍സിന്റെ വെല്ലുവിളി ദക്ഷിണാഫ്രിക്ക 13.3 ഓവറില്‍ മറികടന്നു. ബംഗ്‌ളാദേശിന്റെ മൂന്നു വിക്കറ്റ് എറിഞ്ഞിട്ട കഗിസോ റബാഡയാണ് കളിയിലെ താരം.
ബംഗ്‌ളാദേശിന്റെ ബാറ്റിംഗ് നിര റബാഡയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ആക്രമണത്തിൽ തകര്‍ന്നടിയുന്ന കാഴ്‌ചക്കാണ് കാണികൾ സാക്ഷ്യം വഹിച്ചത്.
മെഹദി ഹസന്‍ (27), ഓപ്പണര്‍ ലിറ്റണ്‍ ദാസ്(24), ഷമീം ഹുസൈന്‍(11) എന്നിങ്ങനെ മൂന്നു പേര്‍ മാത്രമാണ് ബംഗ്‌ളാദേശ് നിരയില്‍ രണ്ടക്കം കണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി റബാഡയും ആന്റിച്ച് നോര്‍ജെയും മൂന്നു വീതം വിക്കറ്റ് നേടിയപ്പോൾ ഷംസി രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക തുടക്കത്തിൽ ചെറുതായി പതറിയെങ്കിലും ശക്‌തമായ തിരിച്ചുവരവ് നടത്തി ടീം വിജയം കൈപ്പിടിയിലാക്കി.
തുടക്കത്തിൽ റീസ ഹെന്റിക്വസിനെയും(4) എയ്‌ഡന്‍ മക്രത്തെയും(0) തസ്‌കിന്‍ അഹമ്മദ് വീഴ്‌ത്തി. പിന്നാലെ ക്വന്റണ്‍ ഡി കോക്കിനെ പുറത്താക്കി മെഹദി അഹമ്മദും ഞെട്ടിച്ചെങ്കിലും മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ടെമ്പ ബാവുമയും റാസി വാന്‍ഡെര്‍ ഡുസെനും ടീമിനെ വിജയ തീരത്തേക്ക് അടുപ്പിച്ചു. ഡുസെന്‍ 22 റണ്‍സെടുത്തപ്പോൾ ബാവുമ പുറത്താകാതെ 33 റണ്‍സ് സ്വന്തമാക്കി.
Most Read: ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’; ഷൂട്ടിംഗ് ഉടൻ