താലിബാൻ നേതൃത്വത്തെ വിചാരണ ചെയ്യണം; ഡാനിഷ് സിദ്ദിഖിയുടെ കുടുംബം കോടതിയിൽ

By News Desk, Malabar News
danish siddiqui-killed-afgan
കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖി
Ajwa Travels

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ട പുലിറ്റ്‌സർ പ്രൈസ് ജേതാവും പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ കുടുംബം അന്താരാഷ്‌ട്ര കോടതിയിൽ. യുദ്ധക്കുറ്റങ്ങൾ ചെയ്‌തതിന്‌ താലിബാൻ ഉന്നത നേതാക്കളെ വിചാരണ ചെയ്യണമെന്നാണ് സിദ്ദിഖിയുടെ കുടുംബത്തിന്റെ ആവശ്യം.

വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫറായ ഡാനിഷ് സിദ്ദിഖി 2021 ജൂലൈ 16ന് കാണ്ഡഹാർ പ്രവിശ്യയിലെ സ്‌പിൻ ബോൽദാക് ജില്ലയിൽ വെച്ച് അഫ്‌ഗാൻ സേനയും, താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. അഫ്‌ഗാൻ സേനയും, താലിബാനും നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന ഈ പ്രദേശത്ത് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെയാണ് സിദ്ദിഖി കൊല്ലപ്പെടുന്നത്.

അഫ്‌ഗാൻ ആക്‌റ്റിങ് പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ്, ആദ്യ ആക്‌റ്റിങ് ഉപപ്രധാനമന്ത്രി അബ്‌ദുൾ ഗനി ബരാദറും ഉൾപ്പടെയുള്ള താലിബാൻ കമാൻഡർമാർക്കെതിരെയും കുടുംബം പരാതി നൽകിയിട്ടുണ്ടെന്ന് അഭിഭാഷകൻ അവി സിംഗ് പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്നും സിദ്ദിഖിയുടെ കുടുംബത്തിന്റെ അഭിഭാഷകൻ അവി സിംഗ് പറഞ്ഞു.

‘ഡാനിഷ് സിദ്ദിഖി ഒരു പത്രപ്രവർത്തകനും ഇന്ത്യക്കാരനും ആയതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അതൊരു അന്താരാഷ്‌ട്ര കുറ്റമാണ്. അഫ്‌ഗാനിലെ നിയമവാഴ്‌ചയുടെ അഭാവത്തിൽ ഡാനിഷിന്റെ കൊലപാതകം നടത്തിയവരെ അന്വേഷിക്കാനും വിചാരണ ചെയ്യാനും അന്താരാഷ്‌ട്ര കോടതിക്ക് അധികാരമുണ്ട്’; അവി സിംഗ് ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ടതിന് ശേഷം സിദ്ദിഖിയുടെ മൃതദേഹത്തോടും താലിബാൻ ക്രൂരത കാട്ടിയെന്ന് കുടുംബം പറയുന്നു. ഡാനിഷ് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ തലയ്‌ക്ക് മുകളിലൂടെ അവര്‍ വാഹനം ഓടിച്ചു കയറ്റി. വെടിവെപ്പില്‍ തന്നെ ഡാനിഷിന് മരണം സംഭവിച്ചിരുന്നെന്ന് അവര്‍ക്ക് അറിയാമായിരുന്നു. 12 ബുള്ളറ്റുകളാണ് സിദ്ദിഖിയുടെ ശരീരത്തിൽ തറച്ചിരുന്നത്. കൂടാതെ മൃതദേഹം വികൃതമാക്കുകയും ചെയ്‌തിരുന്നു; സിദ്ധിഖിയുടെ കുടുംബം പ്രസ്‌താവനയിൽ പറഞ്ഞു.

യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കും കുറഞ്ഞത് ആറ് താലിബാൻ ഉന്നത നേതാക്കളെയും ഉന്നതതല കമാൻഡർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് പരാതിയുടെ കുടുംബം ശ്രമിക്കുന്നതെന്ന് അവി സിംഗ് പറഞ്ഞു. സംഘട്ടന മേഖലകളിൽ നിന്ന് റിപ്പോർട് ചെയ്യുന്നതിൽ മാദ്ധ്യമ പ്രവർത്തകർ നേരിടുന്ന കടുത്ത വെല്ലുവിളികളും ഭീഷണികളും ലോകം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ മകൻ തിരിച്ചുവരില്ലെങ്കിലും അവന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിദ്ദിഖിയുടെ പിതാവ് അക്‌തർ സിദ്ദിഖിയും പ്രതികരിച്ചു.

Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE