ശ്രീനഗർ: ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഉറി സെക്‌ടറിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ തുടർന്ന് ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 30 മണിക്കൂറുകളായി നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ചെറുക്കുന്നതിനുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു.
സുരക്ഷ ശക്‌തമാക്കുകയും ഒരു വലിയ പ്രദേശം സൈന്യം വളയുകയും ചെയ്‌തിട്ടുണ്ട്. ഈ വർഷം ഇത് രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് സൈന്യം പറയുന്നു. എന്നിരുന്നാലും, ഈ വർഷം വെടിനിർത്തൽ ലംഘനമോ അതിർത്തിക്ക് അപ്പുറത്തുനിന്നുള്ള പ്രകോപനങ്ങളോ ഉണ്ടായിട്ടില്ലെന്ന് മുതിർന്ന സൈനിക കമാൻഡർ പറഞ്ഞു.
“മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ചില നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്റെ അറിവ് അനുസരിച്ച്, രണ്ട് ശ്രമങ്ങൾ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഒന്ന് ബന്ദിപ്പൂരിൽ നിർവീര്യമാക്കി. രണ്ടാമത്തേത് ഞങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുകയാണ്,”- ലെഫ്റ്റനന്റ് ജനറൽ ഡിപി പാണ്ഡെ പറഞ്ഞു.
“ഉറിയിൽ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന ഒരു ഓപ്പറേഷൻ ഉണ്ട്, അതിൽ നുഴഞ്ഞുകയറ്റ ശ്രമം നടന്നതായി ഞങ്ങൾക്ക് തോന്നി. ഞങ്ങൾ അവരെ തിരയുകയാണ്. അവർ ഈ ഭാഗത്താണോ അതോ ശ്രമം നടത്തി തിരിച്ചുപോയോ എന്ന് വ്യക്‌തമല്ല. എന്നാൽ ഞങ്ങൾ വളരെ ജാഗ്രതയോടെയാണ് നീങ്ങുന്നത്. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും,”- അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ഇസ്‌ലാം വിരുദ്ധ ഉള്ളടക്കം; അഫ്‌ഗാനിൽ ഐപിഎൽ സംപ്രേഷണത്തിന് താലിബാന്റെ വിലക്ക്