പുരുഷൻമാരുടെ ടൂർണമെന്റിന് പിന്നാലെ വനിതകളുടെ ആഭ്യന്തര ടി-20 ടൂർണമെന്റുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കെസിഎ പിങ്ക് ടി-20 ചലഞ്ചേഴ്സ് എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് മാർച്ച് 27ന് ആരംഭിക്കും. ഏപ്രിൽ 8നാണ് ഫൈനൽ.
കഴിഞ്ഞ ദിവസമായിരുന്നു പുരുഷൻമാരുടെ പ്രസിഡന്റസ് ടി-20 കപ്പ് അവസാനിച്ചത്. കെസിഎ റോയൽസ് ആയിരുന്നു ചാമ്പ്യൻമാർ. ഈഗിൾസിനെ 6 വിക്കറ്റിനു തോൽപിച്ചാണ് റോയൽസ് പ്രഥമ കിരീടം ചൂടിയത്.
പുരുഷൻമാരുടെ മൽസരം നടന്ന ആലപ്പുഴ എസ്‌ഡി കോളേജ് ഗ്രൗണ്ടിൽ വെച്ച് തന്നെയാണ് വനിതകളുടെ ടി-20 പരമ്പരയും നടക്കുക. ടൂർണമെന്റിൽ അഞ്ച് ടീമുകളാണ് പങ്കെടുക്കുന്നത്. കെസിഎ സഫയർ, കെസിഎ പേൾ, കെസിഎ എമറാൾഡ്, കെസിഎ റൂബി, കെസിഎ ആംബർ എന്നിവയാണ് ടീമുകൾ.
ഓരോ ടീമിലും 16 വീതം താരങ്ങൾ ഉണ്ടാവും. ടൂർണമെന്റ് പ്രമുഖ സ്‌പോർട്സ് സ്ട്രീമിങ് ആപ്പായ ഫാൻ കോഡിൽ തൽസമയം വീക്ഷിക്കാമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് നായർ അറിയിച്ചു.
Read Also: ‘ചതുർമുഖ’ത്തിലെ നാലാമനിതാ; സസ്‌പെൻസ് പൊളിച്ച് താരങ്ങൾ