ന്യൂഡെൽഹി: രാജ്യത്തെ സ്വകാര്യ വൽക്കരണ നയങ്ങൾക്ക് കരുത്ത് പകർന്ന് എൽഐസിയുടെ ആദ്യ ഓഹരി വിൽപന മാർച്ചിൽ നടക്കുമെന്ന് സൂചന നൽകി സർക്കാർ. ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ വിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ക്ക് കരടുരേഖകൾ സമർപ്പിക്കും. ഐപിഒയിൽ വിദേശ നിക്ഷേപകർക്ക് ഓഹരി വാങ്ങാനുള്ള അനുമതി നൽകാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ.
പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച്, രാജ്യത്തെ എക്കാലത്തെയും വലിയ ഇൻഷുറൻസ് കമ്പനിക്കായി 20 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനാണ് (എഫ്‌ഡിഐ) കളമൊരുങ്ങുന്നത്. ഉടൻ തന്നെ ക്യാബിനറ്റിലേക്ക് ഇതുമായി ബന്ധപ്പെട്ട പ്രപ്പോസൽ കൊണ്ടുവരുമെന്ന് റിപ്പോർട് പറയുന്നു.
ഏകദേശം 15 ലക്ഷം കോടി രൂപയുടെ (203 ബില്യൺ ഡോളർ) മൂല്യമാണ് സർക്കാർ എൽഐസിയ്‌ക്ക് കൽപ്പിക്കുന്നത്. അതേസമയം അന്തിമ മൂല്യനിർണയ റിപ്പോർട് ഇപ്പോഴും പൂർത്തിയായിട്ടില്ല. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഉൾച്ചേർത്ത മൂല്യം (എംബഡ്ഡഡ് വാല്യൂ) 4 ലക്ഷം കോടി രൂപയിലധികമാണ്. അതിന്റെ നാലിരട്ടിയോളം ആയിരിക്കും നിലവിലെ വിപണി മൂല്യമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
Read Also: വിദേശ പൗരനെ അപമാനിച്ച സംഭവം; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചു