പച്ചക്കള്ളം പൊളിഞ്ഞു, സത്യപ്രതിജ്‌ഞാ ലംഘനം നടത്തി; ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

By Desk Reporter, Malabar News
K-Surendran,-Ramesh-Chennithala_2020-Nov-17
Ajwa Travels

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും. സിഎജി റിപ്പോർട്ടിനെക്കുറിച്ച് നുണ പറഞ്ഞ് നിയമസഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ച തോമസ് ഐസക് സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കരട് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് പറ‍ഞ്ഞാണ് ഐസക് മാദ്ധ്യമങ്ങളെ കണ്ടത്. സിഎജി വാർത്താക്കുറിപ്പിറക്കിയതോടെ ആ കള്ളം പൊളിഞ്ഞു. അപ്പോൾ വീണ്ടും നുണകളുമായി രംഗത്തെത്തി. തുടർച്ചയായി പച്ചക്കള്ളം പറയുന്ന മന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

”സിഎജിയുടെ കരട് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് ആദ്യം പറഞ്ഞ ഐസക് എന്തുകൊണ്ടാണ് ഇപ്പോൾ ആ വാദം മാറ്റിപ്പറയുന്നത്? അന്തിമ റിപ്പോർട്ടാണോ, അതോ കരടാണോ എന്ന് പോലും കണ്ടാലറിയാത്തയാളാണോ കേരളത്തിന്റെ ധനമന്ത്രി? ധനമന്ത്രിക്കല്ല സിഎജിയുടെ റിപ്പോർട്ട് കിട്ടുക, ധനകാര്യ സെക്രട്ടറിക്കാണ്. ധനകാര്യ സെക്രട്ടറി ഈ റിപ്പോർട്ട് സീൽ വച്ച കവറിൽ ഗവർണർക്ക് നൽകുകയാണ് വേണ്ടത്. അത്രയും രഹസ്യാത്‌മകത കാത്തുസൂക്ഷിച്ചാകണം ഈ റിപ്പോർട്ട് കൈമാറുന്നതും, കൈകാര്യം ചെയ്യുന്നതും. അതിന് പകരം ധനമന്ത്രി ധനസെക്രട്ടറിയുടെ പക്കൽ നിന്ന് റിപ്പോർട്ട് മോഷ്‌ടിച്ചോ?”, ചെന്നിത്തല ചോദിച്ചു.

കരടാണോ അന്തിമറിപ്പോർട്ടാണോ എന്നതല്ല ചർച്ച ചെയ്യേണ്ടതെന്നും സിഎജി റിപ്പോർട്ടിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചാണ് അറിയേണ്ടതെന്നുമുള്ള ധനമന്ത്രിയുടെ വാദവും ചെന്നിത്തല തള്ളി. നിലവിൽ ധനമന്ത്രി പുറത്തുവിട്ടത് കരട് റിപ്പോർട്ടാണോ അന്തിമറിപ്പോർട്ടാണോ എന്നത് തന്നെയാണ് ചർച്ച ചെയ്യേണ്ടതെന്നും, ഇതിലെ ചട്ടലംഘനം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണെന്നും പറഞ്ഞ ചെന്നിത്തല, രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഒരു മന്ത്രിയും ഇത്തരത്തിൽ സിഎജി റിപ്പോർട്ട് സഭയിൽ വെക്കുന്നതിന് മുമ്പ് പുറത്തുവിട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം, തോമസ് ഐസക് രാജി വെക്കണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞു. സ്വന്തം തെറ്റ് മറച്ചുവെക്കാനാണ് ഐസക്കിന്റെ ശ്രമം. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Also Read:   വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE