ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നാഴ്‌ച നീണ്ടു നിന്ന അന്വേഷണ റിപ്പോർട്ടാണ് ഇന്ന് സർക്കാരിന് സമർപ്പിക്കുന്നത്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ, ഗ്രാമവാസികൾ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അന്വേഷണ സംഘങ്ങൾ മൊഴിയെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു എസ് പി, ഡി എസ് പി, മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർ തുടങ്ങിയവരെ സസ്‌പെന്റ് ചെയ്‌തത്. അതേസമയം, പ്രതികളിൽ ഒരാളെ പെൺകുട്ടി നിരവധി തവണ ഫോണിൽ വിളിച്ചിരുന്നു എന്ന് ആരോപിച്ച് വിവരങ്ങൾ അന്വേഷണഘട്ടത്തിൽ പുറത്തുവിട്ടത് വിവാദമായിരുന്നു.
അതേസമയം, പെൺകുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്‌ഥാനത്തു ജാതിക്കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്) അന്വേഷണം നടത്തുമെന്ന് മുതിർന്ന ഉദ്യോഗസ്‌ഥൻ അറിയിച്ചു. സംഭവത്തിൽ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തിൽ ഗൂഢാലോചനയെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എസ് ടി എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Related News: ഗ്രാമത്തിൽ ഒറ്റപ്പെടുന്നു; ഡെൽഹിയിലേക്ക് താമസം മാറ്റണമെന്ന് ഹത്രസ് കുടുംബം
ചില രാഷ്‍ട്രീയ ഗ്രൂപ്പുകളും മറ്റ് സംഘടനകളും ജാതി കലാപത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഏഴ് ജില്ലകളിൽ രജിസ്‌റ്റർ ചെയ്‌ത 19 എഫ് ഐ ആറുകളെ കേന്ദ്രീകരിച്ചാകും അന്വേഷണം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട എഫ് ഐ ആർ ഹത്രസിലെ ചന്ദ്‌പ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌തതാണ്. രാജ്യദ്രോഹക്കുറ്റം, മതസ്‌പർദ വളർത്തൽ, ജാതിക്കലാപങ്ങൾക്ക് പ്രേരിപ്പിക്കൽ തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകളും ചേർത്താണ് എഫ് ഐ ആർ രജിസ്‌റ്റർ ചെയ്‌തത്.