ന്യൂഡെൽഹി: ടൂൾ കിറ്റ് കേസിൽ ഡെൽഹി പോലീസിനും ദിഷാ രവിക്കും ഇന്ന് നിർണായക ദിനം. കേസിൽ കുറ്റാരോപിതയായ ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് പട്യാല ഹൗസ് കോടതി തീർപ്പാക്കും. ടൂൾകിറ്റ് കേസിൽ ഡെൽഹി പോലീസ് ഇരുട്ടിൽ തപ്പുകയാണോയെന്ന സംശയം ഉണ്ടെന്ന് സൂചിപ്പിക്കും വിധമായിരുന്നു ദിഷയുടെ ജാമ്യ ഹരജി അവസാനം പരിഗണിച്ചപ്പോൾ പട്യാല ഹൗസ് കോടതി പ്രതികരിച്ചത്.
ടൂൾ കിറ്റ് ദേശ വിരുദ്ധമാണെന്നും ദിഷ അടക്കമുള്ളവർ ദേശ വിരുദ്ധ പ്രവർത്തനം നടത്തിയെന്നതിനും തെളിവുകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് തുടർച്ചയായായാണ് ദിഷയുടെ ഹരജി ഇന്ന് പരിഗണിക്കുന്നത്.
ദിഷക്ക് ജാമ്യം കിട്ടിയാൽ ഡെൽഹി പോലീസിന് നൽകുന്ന കനത്ത തിരിച്ചടിയാകും അത്. ഈ സാഹചര്യത്തിൽ ജാമ്യ ഹരജിയെ ശക്‌തമായി എതിർക്കാനാണ് പോലീസ് തീരുമാനം. കേസിൽ മഹാരാഷ്‌ട്ര ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ച നികിതയും ശന്തനുവും ഇന്നലെ ഡെൽഹി പോലീസിന് മുന്നിൽ ഹാജരായിരുന്നു. ഡെൽഹി പോലീസിന്റെ സമൻസിന്റെ അടിസ്‌ഥാനത്തിലാണ് ഇരുവരും ഹാജരായത്.
സൈബർ സെല്ലിന്റെ മുൻപാകെ ഹാജരായ ഇരുവരിൽ നിന്നും പോലീസ് പ്രാഥമിക മൊഴികൾ രേഖപ്പെടുത്തി. ഇന്ന് ഇവർ രണ്ടുപേരെയും ദിഷക്ക് ഒപ്പം ഇരുത്തി ചോദ്യം ചെയ്യും. കർഷക സമരത്തെ അനുകൂലിച്ചത് അല്ലാതെ ഖാലിസ്‌ഥാൻ അനുഭാവികളുമായോ സംഘടനകളുമായോ തങ്ങൾക്ക് ബന്ധം ഇല്ലെന്നാണ് കേസിലെ കുറ്റാരോപിതരുടെ വാദം.
Read also: കർഷകരെ അപമാനിച്ചു; കേന്ദ്ര കൃഷിമന്ത്രിക്ക് എതിരെ സംയുക്‌ത കിസാൻ മോർച്ച