ന്യൂഡെൽഹി: ടൂൾകിറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ‘നിങ്ങൾക്ക് ടൂൾകിറ്റ് ഇഷ്‌ടമല്ലെങ്കിൽ നിങ്ങൾ അത് അവഗണിക്കുക. ഇത് രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്.’ സുപ്രീം കോടതി ഹരജി പരിഗണിക്കവെ വ്യക്‌തമാക്കി.
കോവിഡിന്റെ ഇന്ത്യൻ വകഭേദം എന്ന ആസൂത്രിത പ്രചാരണം അഴിച്ചുവിടാനും, പ്രധാനമന്ത്രിയെ അപമാനിക്കാനും കോൺഗ്രസ് ശ്രമിച്ചെന്ന് ആരോപിച്ചാണ് ഹരജി സമർപ്പിച്ചത്. സമാനമായ വിഷയത്തിൽ സിംഗപ്പൂരിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ശശാങ്ക് ശേഖർ ജാ പറഞ്ഞപ്പോൾ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ലേയെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു.
രാഷ്‌ട്രീയ അജണ്ടകളെ എങ്ങനെയാണ് കോടതിക്ക് നിശ്‌ചയിക്കാൻ കഴിയുകയെന്നും അദ്ദേഹം ആരാഞ്ഞു. കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കോടതിക്ക് കേസ് പരിഗണിക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. ഇതിന് പിന്നാലെ ഹരജി തള്ളുകയും ചെയ്‌തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉണ്ടാക്കിയെന്ന് ബിജെപി വക്‌താവും പാർട്ടി ഐടി സെൽ തലവനുമായ സംപീത് പത്ര നേരത്തെ ആരോപിച്ചിരുന്നു. വിഷയത്തിൽ ചില രേഖകളും പത്ര പങ്കുവെച്ചിരുന്നു. എന്നാൽ ആരോപണം കോൺഗ്രസ് നിഷേധിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: സ്‌റ്റാന്‍ സ്വാമിയുടേത് കസ്‌റ്റഡി കൊലപാതകം; സിപിഐഎം