തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്നും, ഭക്‌തരുടെ സുരക്ഷയാണ് പ്രധാനമെന്നും തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് പിഎസ് പ്രശാന്ത്. വെർച്വൽ ക്യൂ മാത്രം മതിയെന്നാണ് നിലവിലെ തീരുമാനം. സർക്കാരുമായി കൂടിയാലോചിച്ചു ഉചിതമായ നടപടി സ്വീകരിക്കും. ഭക്‌തരുടെ സുരക്ഷയ്‌ക്കായാണ് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയതെന്നും പിഎസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു ഭക്‌തനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. സ്‌പോട്ട് ബുക്കിങ് പൂർണമായും ഒഴിവാക്കി ഓൺലൈൻ ബുക്കിങ്ങിലൂടെ പ്രതിദിനം 80, 000 ഭക്‌തർക്ക് മാത്രമായി ദർശനം നിജപ്പെടുത്തിയത് വിവാദത്തിനിടയാക്കിയിരുന്നു. ശബരിമലയിലെ ദർശനസമയം രാവിലെ മൂന്ന് മുതൽ ഉച്ചയ്‌ക്ക് ഒരുമണി വരെയും ഉച്ചതിരിഞ്ഞു മൂന്ന് മുതൽ രാത്രി 11 വരെയുമായിരിക്കും.
ശബരിമലയിൽ എത്തുന്ന ഭക്‌തരുടെ ആധികാരിക രേഖയാണ് വെർച്വൽ ക്യൂവിലൂടെ ലഭിക്കുന്നത്. വെർച്വൽ ക്യൂ ആണെങ്കിൽ എത്ര ഭക്‌തർ വരുമെന്ന് മുൻകൂട്ടി അറിയാൻ കഴിയും. കൂടുതൽ ആളുകൾ വന്നാൽ ദേവസ്വം ബോർഡിന് ലാഭം കൂടും. പക്ഷേ ഭക്‌തരുടെ സുരക്ഷ പ്രധാനമാണ്. സ്‌പോട്ട് ബുക്കിങ് ഉണ്ടെങ്കിൽ ആരും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യില്ലെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
സ്‌പോട്ട് ബുക്കിങ് പൂർണമായും ഒഴിവാക്കി ഓൺലൈൻ ബുക്കിങ് ആക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യം ബോർഡ് യോഗം ചർച്ച ചെയ്‌തു. കഴിഞ്ഞവർഷം തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് പല ഭക്‌തർക്കും പന്തളത്ത് വെച്ച് മാല ഊരി തിരികെ പോകേണ്ടിവന്നത് വലിയ തോതിൽ ചർച്ചയായിരുന്നു.
നിലക്കലിലും എരുമേലിയിലും പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും. വിശുദ്ധി സേനാ അംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്‌റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂർത്തിയാക്കും. പ്രണവം ഗസ്‌റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!