കൊച്ചി: ട്വന്റി-20യും വി ഫോർ കേരളയും നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിനില്ല. നിഷ്‌പക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കുന്നതിന് ഒന്നിച്ച് മൽസരിക്കാനുള്ള താല്‍പര്യം അറിയിച്ചെങ്കിലും ട്വന്റി-20 അത് അംഗീകരിച്ചില്ലെന്ന് വി ഫോർ കേരള പറഞ്ഞു. വിഫോർ കേരളക്ക് സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ടാണ് ട്വന്റി-20 സഖ്യത്തിന് തയ്യാറാകാതിരുന്നതെന്ന് വിഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ആരോപിച്ചു.
രാഷ്‌ട്രീയ ബദലായി എറണാകുളത്ത് ഉയർന്നു വന്ന ട്വന്റി-20യും വി ഫോർ കേരളയും തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്‌ച വച്ചത്. ഈ വിജയത്തിന്റെ ആത്‌മവിശ്വാസത്തിലാണ് ഇരുകൂട്ടരും നിയമസഭാ തിരഞ്ഞെടുപ്പിന് കച്ച മുറുകുന്നത്.
എറണാകുളം ജില്ലയിൽ എട്ട് സീറ്റിലാണ് ട്വന്റി-20 മൽസരിക്കുക. മൂന്ന് സീറ്റിലാണ് വി ഫോർ കേരള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. എറണാകുളം, കൊച്ചി, തൃക്കാക്കര ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ വി ഫോർ കേരളക്കും ട്വന്റി-20ക്കും സ്‌ഥാനാർഥികളുണ്ട്. വ്യവസ്‌ഥാപിത രാഷ്‌ട്രീയ കക്ഷികളെ ചോദ്യം ചെയ്യുന്ന ഇരു സംഘടനകളും ഒരുമിച്ച് നിൽക്കണമെന്ന ആശയം ചർച്ചയായെങ്കിലും ഫലം കണ്ടില്ല.
Also Read: കാഞ്ഞങ്ങാട് എൽഡിഎഫ് മണ്ഡലം കൺവീനർ രാജിവെച്ചു