‘കൈവിട്ട’ ട്വീറ്റുകൾ കൊണ്ട് അബദ്ധം പിണയുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രമുഖരായ വ്യക്‌തികളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. എന്നാൽ, ഇനി ഇക്കാര്യത്തിൽ പേടി വേണ്ട. ആവശ്യമില്ല എന്ന് തോന്നുന്ന ട്വീറ്റുകൾ ഒരൊറ്റ ബട്ടൺ കൊണ്ട് നിങ്ങൾക്ക് പിൻവലിക്കാം. ഇതിന് വേണ്ടി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ.
ഈ സേവനം സൗജന്യമല്ല. സബ്‌സ്‌ക്രിപ്‌ഷൻ വഴി പണമടച്ചാൽ ഉപയോക്‌താക്കൾക്ക് ‘അൺഡൂ’ (UNDO) ഓപ്‌ഷൻ ലഭ്യമാകും. ആപ് ഗവേഷകനായ ജെയ്‌ൻ മഞ്ചുൻ വോംഗ് ആണ് പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട സബ്‌സ്‌ക്രിപ്‌ഷൻ സ്ക്രീൻ കണ്ടെത്തിയത്.
ഒരു സ്‌ക്രീൻഷോട് പങ്കുവെച്ച് കൊണ്ടാണ് ജെയ്‌ൻ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നതിൽ നിന്ന് ഏറെ വ്യത്യസ്‌തമാണ് പുതിയ അൺഡൂ ഫീച്ചറെന്നും ജെയ്‌ൻ വ്യക്‌തമാക്കി. അൺഡൂ ഫീച്ചർ എല്ലാ ഉപയോക്‌താക്കൾക്കും ഇപ്പോൾ ലഭ്യമാണെന്നും ജെയ്‌ൻ അറിയിച്ചു.
നിലവിൽ ജി-മെയിലിനും സമാനമായ ഫീച്ചറുണ്ട്. ഒരു ഇ-മെയിൽ അടച്ച ഉടൻ തന്നെ താഴെ ഒരു ചെറിയ വിൻഡോ തുറന്ന് വരും. അവിടെ അൺഡൂ എന്നൊരു ബട്ടണും കാണാൻ സാധിക്കും. ഇതിൽ ക്ളിക്ക് ചെയ്യുകയാണെങ്കിൽ അയച്ച ഇ-മെയിൽ പഴയ പടിയാക്കാൻ സാധിക്കും. ഇതേ രീതിയിൽ തന്നെയാണ് അൺഡൂ ഫീച്ചർ ട്വിറ്ററിലും പ്രവർത്തിക്കുക. ജി-മെയിലിൽ ഇത് സൗജന്യമാണെങ്കിൽ ട്വിറ്ററിൽ പണം അടക്കേണ്ടി വരുമെന്ന വ്യത്യാസം മാത്രമേയുള്ളൂ.
2023ഓടെ മൊത്ത വാർഷിക വരുമാനം 7.5 ബില്യൺ ഡോളറാക്കുകയാണ് ട്വിറ്ററിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
Also Read: കുട്ടികൾക്കായി ഇൻസ്‌റ്റഗ്രാമിന്റെ ‘പ്രായം’ കുറച്ച് ഫേസ്ബുക്ക്