ന്യൂഡെല്‍ഹി: സുപ്രീം കോടതിയിലെ തിരിച്ചടിക്ക് പിന്നാലെ യുപി സര്‍ക്കാര്‍ കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുമ്പോഴും കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും സംഭവത്തില്‍ വിശദീകരണം ചോദിച്ച് യുപി സര്‍ക്കാരിനും കേന്ദ്രത്തിനും കോടതി നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു.
കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 25 മുതല്‍ കന്‍വാര്‍ യാത്ര അനുവദിക്കുമെന്നാണ് യുപി സര്‍ക്കാര്‍ ആദ്യം നിലപാടെടുത്തത്. എന്നാല്‍, പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്ന് കോടതി വിമര്‍ശനം ഉന്നയിച്ചു.
“പ്രാഥമികമായി ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. പൗരന്റെ ജീവിക്കാനുള്ള അവകാശവും ആരോഗ്യവും പരമോന്നതമാണ്. ഈ മൗലികാവകാശങ്ങള്‍ക്ക് താഴെയാണ് മതമടക്കമുള്ള മറ്റേത് വികാരങ്ങളും”- കോടതി ചൂണ്ടിക്കാട്ടി. കന്‍വാര്‍ യാത്ര റദ്ദാക്കിയില്ലെങ്കില്‍ അതിനായി ഉത്തരവിറക്കും എന്ന് സുപ്രീം കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകുകയായിരുന്നു.
വെള്ളിയാഴ്‌ചയാണ് സുപ്രീം കോടതി കൻവാർ യാത്ര സംബന്ധിച്ച കേസ് പരിഗണിച്ചത്. എല്ലാ പൗരൻമാരെയും ബാധിക്കുന്ന വിഷയമാണിതെന്നും ഭരണഘടനയുടെ 21ആം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തേക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങളെന്നും സുപ്രീം കോടതി പരാമർശിച്ചിരുന്നു. തിങ്കളാഴ്‌ചക്കകം നിലപാട് വ്യക്‌തമാക്കാൻ യുപി സർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റാൻ യുപി ഗവൺമെന്റ് നിർബന്ധിതരായത്.
കൻവാർ യാത്രക്ക് ഉത്തരാഖണ്ഡ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയാകും എന്നതിനാൽ തീർഥാടനം അനുവദിക്കാനാകില്ലെന്ന് ആയിരുന്നു ഉത്തരാഖണ്ഡ് സർക്കാരിന്റെ വിശദീകരണം.
Read also: മുംബൈയിൽ മഴക്കെടുതി തുടരുന്നു; മരണം 22 ആയി ഉയർന്നു