കോഴിക്കോട്: ബീച്ചിൽ വാഹനത്തിന്റെ റീൽസ് ചിത്രീകരണത്തിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബു-ബിന്ദു ദമ്പതികളുടെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ വെള്ളയിൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടമുണ്ടായത്.
കാർ ചെയ്‌സ് ചെയ്യുന്ന റീൽസാണ് എടുത്തത്. ആൽവിൻ റോഡിന്റെ ഡിവൈഡറിൽ നിന്ന് കാർ വരുന്നതിന്റെ വീഡിയോ എടുക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെ മരണത്തിന് കീഴടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കാറുകൾ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷൻ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചതെന്നും കമ്പനി പ്രതിനിധികളാണ് വാഹനം ഓടിച്ചതെന്നും യുവാവിന്റെ അയൽവാസി പറയുന്നു.
ഒരാഴ്‌ച മുമ്പാണ് ആൽവിൻ ഗൾഫിൽ നിന്ന് എത്തിയത്. സുരേഷ് ബാബുവിന്റെ ഏകമകനാണ് ആൽവിൻ. രണ്ടുവർഷം മുൻപ് കിഡ്‌നി ഓപ്പറേഷൻ കഴിഞ്ഞിരുന്നു. ആറുമാസം കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് കോഴിക്കോട് വീഡിയോ പ്രമോഷൻ ചിത്രീകരണത്തിന് എത്തിയതെന്നും അയൽവാസി പറഞ്ഞു.
Most Read| ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമതയെ ഏൽപ്പിക്കണം; പിന്തുണയുമായി ലാലു പ്രസാദ് യാദവ്