കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രണ്ടു കമ്പനികൾ തമ്മിലുള്ളത് നിയമപരമായ ധാരണ മാത്രമാണ്, വിഷയത്തിൽ സിപിഎം നേരത്തെ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മാദ്ധ്യമങ്ങൾ ഇത് പർവതീകരിക്കുകയാണെന്നും വിവാദങ്ങൾ ഉണ്ടാക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയോടും മകളോടുമുള്ള വൈരാഗ്യം തീർക്കാൻ ഏതോ ഒരു ഉദ്യോഗസ്‌ഥൻ പറഞ്ഞുവെന്ന് പറയുന്ന ഒരു റിപ്പോർട്ടും വെച്ച് കുറച്ചു ദിവസമായി കളിക്കുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു. സത്യസന്ധമായി രണ്ടു കമ്പനികൾ തമ്മിൽ ഏർപ്പെട്ട കരാറിന്റെ അടിസ്‌ഥാനത്തിൽ അതുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങൾ നടത്താൻ അവർക്ക് അവകാശമുണ്ട്. നൽകിയ സേവനങ്ങൾക്ക് അവർക്ക് പ്രതിഫലവും വാങ്ങാം. അതിന്റെ ഭാഗമായുള്ള കൃത്യമായ ആദായനികുതി ഉൾപ്പടെയുള്ള കാര്യങ്ങൾ നൽകിയിട്ടുമുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ അതിനെ പിന്നെയും പർവ്വതീകരിച്ച വർത്തയുണ്ടാക്കി സർക്കാരിനെതിരെയും അതുപോലെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായും കടന്നാക്രമണം നടത്തുക എന്നത് സ്‌ഥിരം ഏർപ്പാടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Most Read| പുതുപ്പള്ളി ഇടതു സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസ്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്