കോട്ടയം: പുതുപ്പള്ളിയിലെ ഇടതു മുന്നണി സ്ഥാനാർഥിയായി ജെയ്‌ക് സി തോമസിനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ് പ്രഖ്യാപനം നടത്തുക. സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ ഉടനീളം ജെയ്‌ക്കിന്റെ വാഹന പര്യടനവും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയെയും ഇന്നറിയാം. തൃശൂരിൽ നടക്കുന്ന സംസ്‌ഥാന ഭാരവാഹി യോഗത്തിൽ പ്രഖ്യാപനം ഉണ്ടാകും. ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ സംസ്‌ഥാന സെക്രട്ടറി ജോർജ് കുര്യൻ എന്നിവരുടെ പേരിനാണ് മുൻഗണന. കഴിഞ്ഞ തവണ പുതുപ്പള്ളിയിൽ മൽസരിച്ച മധ്യമേഖലാ പ്രസിഡണ്ട് എൻ ഹരിയും പാർട്ടിയുടെ പരിഗണനയിലുണ്ട്.
അതിനിടെ, കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് പുതുപ്പള്ളിയിലെ മുഴുവൻ വീടുകളിലും യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യർഥന നടത്തും. സെപ്‌റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെടുപ്പ്. ഈ മാസം 17 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 18ന് സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21 ആണ്.
Most Read| ആവേശത്തിമർപ്പിൽ പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്