ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ നടപടി സ്വീകരിക്കുന്ന വിഷയത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ ശക്‌തമായ നടപടി വേണമെന്ന ഭരണ പക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ചർച്ച.
പ്രതിപക്ഷത്തിന്റെ പെരുമാറ്റം സഭക്ക് അപകീർത്തി വരുത്തി. വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തി അവർ ചെയർമാന്റെ അന്തസിനെ വ്രണപ്പെടുത്തി. ഇക്കാര്യങ്ങളിൽ മാപ്പ് പറയാൻ കൂട്ടാക്കാതെ വീണ്ടും ആവർത്തിക്കും എന്നാണ് അവർ പറയുന്നത്. പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച കാട്ടാൻ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
ബുധനാഴ്‌ച പാര്‍ലമെന്റില്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബിൽ പാസാക്കിയെടുക്കുന്ന സമയത്ത് മാര്‍ഷലുകളെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞുവെന്നാണ് പ്രതിപക്ഷം പറയുന്നത്. പാര്‍ലമെന്റ് ചരിത്രത്തില്‍ ഒരിക്കലും ഇത്തരത്തില്‍ മാര്‍ഷലുകളെ ഉപയോഗിച്ച് ഒരു ബിൽ പാസാക്കിയിട്ടില്ലെന്നും ആദ്യമായാണ് രാജ്യസഭയിൽ എംപിമാരെ തല്ലുകയും തള്ളുകയും ചെയ്യുന്നത് എന്നും പ്രതിപക്ഷം പറയുന്നു. എന്നാൽ സുരക്ഷാ ജീവനക്കാർ അല്ലാത്തവർ രാജ്യസഭയിൽ കയറിയിട്ടില്ല എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
അതേസമയം, രാജ്യസഭയിൽ ചട്ടലംഘനം നടത്തിയ എംപിമാരുടെ പേരു വിവരങ്ങൾ ഇതിനകം രാജ്യസഭ സെക്രട്ടേറിയറ്റ് ചെയർമാന് കൈമാറി. കേരളത്തിൽ നിന്നുള്ള എളമരം കരിം, വി ശിവദാസൻ, ബിനോയ് വിശ്വം എന്നിവരുടെ പേരുകളും അച്ചടക്കം ലംഘിച്ച എംപിമാരുടെ പട്ടികയിൽ ഉണ്ട്.
Read also: പ്രതിപക്ഷം നാടകം കളിക്കുന്നു, പുറത്തു നിന്നുള്ളവരെ രാജ്യസഭയിലേക്ക് കടത്തിയിട്ടില്ല; കേന്ദ്രം