ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വികെ ശശികലക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. ജയലളിതയുടെ പയസ് ഗാര്‍ഡനില്‍ നിന്ന് നീക്കിയ പത്തൊമ്പത് വോട്ടര്‍മാരുടെ പേരിനൊപ്പം വികെ ശശികലയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇത്തവണ ശശികലക്ക് വോട്ട് നിഷേധിക്കപ്പെട്ടത്.
തൗസന്‍ഡ് ലൈറ്റ്‌സ് നിയോജക മണ്ഡലത്തിന് കീഴിലാണ് പയസ് ഗാര്‍ഡനും ഉള്‍പ്പെട്ടിരിക്കുന്നത്. ശശികലയെ കൂടാതെ ബന്ധു ജെ ഇളവരസിയുടെ പേരും നീക്കം ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിലിൽ ആയിരുന്നതിനാൽ ഇരുവരും വോട്ട് ചെയ്‌തിരുന്നില്ല.
എന്നാല്‍ വോട്ടറെ വിവരം അറിയിക്കാതെ പേര് നീക്കം ചെയ്യാൻ എങ്ങനെ സാധിക്കുമെന്നാണ് ചോദ്യം ഉയരുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി കരുതിക്കൂട്ടിയാണ് ശശികലയുടെ പേര് നീക്കം ചെയ്‍തതെന്നാണ് എഎംഎംകെ ആരോപിക്കുന്നത്.
‘ശശികലയാണ് പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയത്. ഇത് വഞ്ചനയാണ്. ചെന്നൈ കോര്‍പറേഷനോ ഇലക്ഷന്‍ കമ്മീഷനോ തനിച്ച് ഇങ്ങനൊരു തീരുമാനമെടുക്കാന്‍ കഴിയില്ല,’ എഎംഎംകെ സ്‌ഥാനാർഥി വൈദ്യനാഥന്‍ ദ വീക്കിനോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ശശികലയും ഇളവരസിയും ജയിലില്‍ ആയിരുന്നതിനാല്‍ ഇരുവരും വോട്ട് ചെയ്‌തിരുന്നില്ല. എന്നാല്‍ ശശികല ജയിൽ മോചിതയായി എത്തിയതിന് പിന്നാലെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും വോട്ടര്‍ പട്ടിക ഇതിനോടകം പൂര്‍ത്തിയാക്കി പ്രസിദ്ധപ്പെടുത്തിയിരുന്നു.
Read also: ഛത്തീസ്ഗഡില്‍ കാണാതായ ജവാന്‍ മാവോയിസ്‌റ്റ് തടങ്കലിൽ