കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ ഇടി സുനിൽ കുമാറിനെയാണ് വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തത്. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അമൃത് പ്രോജക്‌ടിന്റെ നാല് പദ്ധതിയുടെ കരാറുകാരനായ വി രാജീവിന് ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവെച്ച തുക തിരികെ ലഭിക്കുന്നതിനാണ് ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടത്.
കരാറിന്റെ ഭാഗമായി രാജീവ് ഏഴ് ലക്ഷം രൂപ ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവെച്ചിരുന്നു. പ്രവൃത്തി പൂർത്തിയാക്കിയ ഗ്യാരന്റി പീരിയഡ് 2021 ഒക്‌ടോബറിൽ കഴിഞ്ഞതിന് പിന്നാലെ തുക മടക്കി ലഭിക്കുന്നതിനായി രാജീവ് സരോവരം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയരുടെ ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, നിരവധി തവണ അസി.എഞ്ചിനിയറെ സമീപിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല.
വീണ്ടും അസി.എഞ്ചിനിയറെ സമീപിച്ച രാജീവിനോട് സുനിൽ കുമാർ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രാജീവ് ഈ വിവരം കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുനിൽ കുമാറിനെ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചോടെ ഓഫിസിൽ വെച്ച് രാജീവ് സുനിൽ കുമാറിന് പണം കൊടുക്കുന്നതിനിടെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
Most Read: ബോംബ് നിർമിച്ചത് മിഥുൻ, കേസിലെ മുഖ്യ സൂത്രധാരൻ; ചോദ്യം ചെയ്യൽ തുടരുന്നു