ന്യൂഡെൽഹി: സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകേണ്ടി വന്നെന്ന നടൻ വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം. വിഷയത്തിൽ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രേക്ഷപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്‌ഥനെ മുംബൈയ്‌ക്ക് അയച്ചു.
തന്റെ പുതിയ ചിത്രമായ ‘മാർക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാനായി ആറരലക്ഷം രൂപ നൽകേണ്ടി വന്നെന്നാണ് വിശാൽ വെളിപ്പെടുത്തിയത്. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവമെന്നും വിശാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു.
മൂന്ന് ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നരലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്‌തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഇവർക്ക് പണം കൈമാറിയതിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാൽ പങ്കുവെച്ചിരുന്നു. തന്റെ സിനിമാ ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്നും വിശാൽ പറഞ്ഞു.
വിഷയത്തിൽ പ്രധാനമന്ത്രിയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ഇടപെടണം. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റു നിർമാതാക്കൾക്ക് കൂടിയാണെന്നും വിശാൽ പറഞ്ഞു. അതിന് പിന്നാലെയാണ് വാർത്താ വിതരണ പ്രേക്ഷപണ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.
Most Read| ‘ഇന്ത്യയുമായുള്ള ബന്ധം തുടരാൻ പ്രതിജ്‌ഞാബന്ധം’; അയഞ്ഞു ട്രൂഡോ