തിരുവനന്തപുരം: അമ്പലമുക്ക് കുറവൻകോണത്ത് കടയ്‌ക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കൊലപാതകമെന്ന് സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. അമ്പലമുക്കിലെ ഒരു അഗ്രി നഴ്‌സറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടുത്തെ ജീവനക്കാരിയാണ് വിനീത.
ഇന്ന് അവധിയായതിനാൽ യുവതി ചെടികൾ നനയ്‌ക്കാൻ എത്തിയതാണെന്നാണ് പ്രാഥമിക വിവരം. കട തുറന്ന് കിടക്കുന്നത് കണ്ട് സാധനം വാങ്ങാൻ ആളുകൾ എത്തുകയും ജീവനക്കാരെ ആരെയും കാണാത്തതിനാൽ കടയുടമയെ ഫോണിൽ വിളിക്കുകയുമായിരുന്നു. തുടർന്ന് കടയുടമ മറ്റൊരു ജീവനക്കാരിയെ സ്‌ഥലത്തേക്ക് പറഞ്ഞ് വിട്ടപ്പോഴാണ് കടയുടെ പിൻഭാഗത്ത് വിനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടെന്നാണ് പ്രാഥമിക പരിശോധനക്ക് ശേഷം പോലീസ് പറയുന്നത്. കുറച്ച് നാൾ മുൻപാണ് വിനീത ഇവിടെ ജോലിക്ക് കയറുന്നത്. നെടുമങ്ങാട് സ്വദേശിനിയാണ് ഇവർ. കടയിലെത്തിയ ശേഷം വിനീത ഫോണിൽ വിളിച്ചിരുന്നെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതിയുടെ അച്ഛൻ പോലീസിനോട് പറഞ്ഞു. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം കൂടുതൽ വിവരങ്ങൾ വ്യക്‌തമാകുമെന്നും പോലീസ് അറിയിച്ചു.
Also Read: ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം; പ്രതികരിച്ച് കാന്തപുരം