നെൻമാറയിൽ പെൺകുട്ടിയെ 10 വർഷം ഒളിവിൽ പാ‌‌ർപ്പിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

By News Desk, Malabar News

പാലക്കാട്: നെൻമാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാ‌‌ർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ റിപ്പോ‌ർട് നൽകാൻ കമ്മീഷൻ നെൻമാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിക്ക് കൗൺസിലിം​ഗ് നൽകാനും നി‌ർദ്ദേശമുണ്ട്. നെൻമാറ അയിലൂരിലാണ് കാമുകിയായ സജിതയെ റഹ്‌മാൻ എന്ന യുവാവ് സ്വന്തം വീട്ടിൽ പത്തുവർഷത്തോളം ആരുമറിയാതെ താമസിപ്പിച്ചത്.

സ്വന്തം മുറിയോട് ചേർന്ന് പ്രത്യേക സജ്‌ജീകരണങ്ങളൊരുക്കി വീട്ടുകാരെ അറിയിക്കാതെയായിരുന്നു റഹ്‌മാൻ സജിതയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. മൂന്ന്മാസം മുമ്പ് കാണാതായ റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരൻ വഴിവക്കിൽ വെച്ച് തിരിച്ചറിഞ്ഞ് പോലീസിൽ അറിയിച്ചപ്പോഴാണ് സിനിമാക്കഥയെ വെല്ലുന്ന പ്രണയകഥയുടെ ചുരുളഴിഞ്ഞത്.

2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ പെൺകുട്ടിയെ കാണാതാവുന്നത്. കാണാതാകുമ്പോള്‍ സജിതക്ക് 19 വയസാണ് പ്രായം. മേമയുടെ വീട്ടിലേക്ക് പോയതായിരുന്നു സജിത. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം പോലീസില്‍ പരാതി നൽകി. തുടര്‍ന്ന് അന്ന് വ്യാപക അന്വേഷണം നടത്തി. പോലീസ് ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. റഹ്‌മാനെയും പോലീസ് അന്ന് ചോദ്യം ചെയ്‌തിരുന്നു. ഒടുവിൽ, പോലീസും വീട്ടുകാരും അന്വേഷണം അവസാനിപ്പിച്ചു. അതോടെ പല മിസ്സിങ് കേസുകളില്‍ ഒന്നായി അതും മാറി.

അയൽവാസികളായ റഹ്‌മാനും സജിതയും വ്യത്യസ്‌ത മത വിഭാഗത്തില്‍  ഉള്ളവരായിരുന്നു. പ്രണയം വീട്ടില്‍ പറയാനുള്ള ധൈര്യം ഇരുവര്‍ക്കുമുണ്ടായില്ല. അങ്ങനെയാണ് പെണ്‍കുട്ടിയെ ഇയാള്‍ ആരുമറിയാതെ വീട്ടിനുള്ളിലെ മുറിയില്‍ എത്തിക്കുന്നത്. തുടക്കത്തില്‍ യുവാവും മുറിവിട്ട് പുറത്തിറങ്ങിയില്ല. തന്റെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിച്ചതുമില്ല.

‘കുറച്ച് ദിവസം കഴിഞ്ഞ് പുറത്തിറങ്ങണമെന്നും എല്ലാവരെയും അറിയിച്ച് വിവാഹം ചെയ്യണമെന്നുമാണ് ആദ്യം കരുതിയത്. എന്നാല്‍, കൈയില്‍ പണമില്ലാത്തതും നാട്ടില്‍ പ്രശ്‌നമാകുമെന്ന ഭയവും നിമിത്തമാണ് ആരെയും അറിയിക്കാതെ 10 വർഷത്തോളം വീട്ടിലെ മുറിയ്‌ക്കുള്ളിൽ കഴിഞ്ഞിരുന്നതെന്ന്’ ഇരുവരും മൊഴി നൽകിയിട്ടുണ്ട്.

3 മാസം മുൻപ് ഇരുവരും ആരുമറിയാതെ വീടുവിട്ടിറങ്ങി. റഹ്‌മാനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ കണ്ടെത്താനായില്ല. 3 മാസങ്ങൾക്ക് മുൻപ് വീടുവിട്ട ഇവർ വിത്തനശേരിയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സഹോദരൻ വഴിവക്കിൽ വെച്ച് റഹ്‌മാനെ തിരിച്ചറിഞ്ഞ് പോലീസിൽ അറിയിച്ചപ്പോഴാണ് 10 വർഷങ്ങൾ നീണ്ട അതിജീവനത്തിന്റെ കഥ പുറംലോകം അറിയുന്നത്.

National News: ഇന്ധനവിലയിൽ പ്രതിഷേധിച്ചു; ദിഗ്‌വിജയ സിംഗിനെതിരെ കേസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE