റിയാദ്: വിദേശ തൊഴിലാളികളുടെ ആശ്രിതർക്കും ജോലി ലഭിക്കാൻ അവസരമൊരുക്കി സൗദി ഭരണകൂടം. സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ആശ്രിതരെ വിവിധ മേഖലകളിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ പദ്ധതിക്ക് സൗദി ഭരണകൂടം അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം എന്നിവയ്‌ക്ക് സൗദി അറേബ്യയിലെ ഉന്നതാധികാര സമിതി അനുമതി നൽകി.
ഇതുപ്രകാരം രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ അടുത്ത ആശ്രിതരായ ഭാര്യ, ഭർത്താവ്, ഏറ്റവും അടുപ്പമുള്ള മറ്റു ബന്ധുക്കൾ എന്നിവർക്ക് സൗദിയിൽ തന്നെ ജോലി സ്‌ഥിരപ്പെടും. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളും തൊഴിലുകളും വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
വിദേശ തൊഴിലാളികളുടെ സഹയാത്രികരായ സ്‌ത്രീകൾക്കും പുരുഷൻമാർക്കും രാജ്യത്ത് ജോലി അനുവദിക്കുന്ന നയം നടപ്പിലാക്കുന്നതിന്റെ വരുംവരായ്‌കകളെ കുറിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം എന്നിവ തയ്യാറാക്കിയ റിപ്പോർട് പരിശോധിച്ചതിന് ശേഷമാണ് ഉന്നത അധികാരികൾ പുതിയ നയത്തിന് അംഗീകാരം നൽകിയത്.
നിലവിലെ ജോലി ഒഴുവുകളിലേക്കുള്ള റിക്രൂട്ട്മെന്റിന് ബദലായിട്ടായിരിക്കും പ്രവാസി ജീവനക്കാരുടെ ആശ്രിതരെ ജോലിക്ക് നിയമിക്കുക. അത് നിതാഖത്ത് (തരംതിരിക്കൽ) സൗദിവൽക്കരണ പ്രോഗ്രാമിന്റെ നിബന്ധനകൾക്കും വ്യവസ്‌ഥകൾക്കും വിധേയമായിരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ഗവൺമെന്റിന്റെ ആവശ്യതകൾക്ക് അനുസൃതമായി രാജ്യത്ത് തൊഴിൽ ചെയ്യാൻ നിർദ്ദേശിക്കുന്ന യോഗ്യതാ പരീക്ഷകളിൽ വിജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.
Most Read: ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്