സതാംപ്‌ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ വില്ലനാകുന്നു. കളി നടക്കുന്ന സതാംപ്‌ടണിൽ മഴ മാറാത്തതിനാൽ ആദ്യ സെഷൻ ഉപേക്ഷിച്ചു . ടോസും വൈകുമെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു. ഇന്ന് ഇവിടെ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇത് ഏറെ നേരം നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഫൈനൽ നടക്കുന്ന അഞ്ച് ദിവസവും ഇവിടെ മഴ ഭീഷണിയുണ്ട്. റിസർവ് ദിവസം ഉണ്ടെങ്കിലും അഞ്ച് ദിവസവും ഏറെ നേരം മഴയെ തുടർന്ന് മൽസരം നഷ്‌ടപ്പെടുന്നത് തിരിച്ചടിയാകും. സമനിലയിൽ പിരിഞ്ഞാൽ ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കും.
ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലൻഡിനാണ്. ഇംഗ്ളണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയിൽ വിജയിച്ച ന്യൂസിലൻഡ് ഇന്ത്യയെ പിന്തള്ളി റാങ്കിങ്ങിൽ ഒന്നാമത് എത്തിയിരുന്നു. അതേസമയം മൂന്നു പേസർമാരും രണ്ടു സ്‌പിന്നർമാരും ഉൾപ്പെടെ അഞ്ച് ബൗളർമാരുമായാണ് ഇന്ത്യ കളിക്കുന്നത്. അശ്വിനൊപ്പം രവീന്ദ്ര ജഡേജ ആദ്യ ഇലവനിൽ എത്തിയത് ഇന്ത്യയുടെ ബാറ്റിങ് ആഴം വർധിപ്പിക്കുന്നുണ്ട്.
Read Also: സൂര്യയും വെട്രിമാരനും കൈകോർക്കുന്ന ‘വാടിവാസൽ’; ഷൂട്ടിങ് സെപ്റ്റംബറിൽ