കോഴിക്കോട്: വാഹന പരിശോധനക്കിടെ വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്‌റ്റിൽ. പൂവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിലിനെയാണ്(35) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച രാത്രി വെള്ളിപറമ്പ് ആറാം മൈലിന് സമീപമായിരുന്നു സംഭവം. വാഹന പരിശോധനയുടെ ഭാഗമായി റോഡരികിൽ നിൽക്കുകയായിരുന്ന വനിതാ എസ്ഐയ്‌ക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്.
ബൈക്കിൽ എത്തിയ ഷെറിൽ വനിതാ എസ്‌ഐയെ കണ്ട് ബൈക്ക് നിർത്തുകയും തുടർന്ന് എസ്‌ഐക്ക് നേരെ പതിയെ ബൈക്ക് ഓടിച്ചെത്തി കൈക്ക് കേറി പിടിച്ച് രക്ഷപെടാൻ ശ്രമിക്കുകയും ആയിരുന്നു. പിന്നീട് എസ്‌ഐ ഉടൻ തന്നെ ഷെറിലിനെ പിന്തുടരുകയും കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച ശേഷം ബൈക്കിന് കുറുകെ ജീപ്പ് നിർത്തി ഇയാളെ പിടികൂടുകയും ആയിരുന്നു.
മെഡിക്കൽ കോളേജ് സിഐ എംഎൽ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ ഷെറിലിനെ ചോദ്യം ചെയ്‌തു. ഇയാൾ നേരത്തെ അബ്‌കാരി കേസിൽ പ്രതിയായിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്‌ത്രീകളുടെ ചിത്രങ്ങളും നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് പെൺവാണിഭ സംഘവുമായി ബന്ധമുള്ളതിന്റെ സൂചനകൾ ലഭിച്ചതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Most Read: സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ പുനരന്വേഷണം വേണം; രമേശ് ചെന്നിത്തല