എറണാകുളം: ജില്ലയിലെ കോതമംഗലത്ത് പ്ളസ് വൺ വിദ്യാർഥിയെ ആളുമാറി തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു. റോഡിലൂടെ നടന്നുപോയ യുവതിയെ ശല്യം ചെയ്തെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥിയെ മര്‍ദ്ദനത്തിന് ഇരയാക്കിയത്. നിലവിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ സംഭവത്തിൽ 4 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോതമംഗലം മടിയൂര്‍ സ്വദേശിയായ 16കാരന് മര്‍ദ്ദനമേല്‍ക്കുന്നത്. കുട്ടിയുടെ വീട്ടിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ട് പോകുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. സംഭവ സമയത്ത് കുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും, സംഘം ഇവരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി വിദ്യാർഥി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
മര്‍ദന ശേഷം വിദ്യാര്‍ഥിയെ യുവതിയുടെ വീട്ടലെത്തിച്ചപ്പോഴാണ് ആളുമാറിയെന്ന വിവരം വ്യക്തമായത്. തുടർന്ന് പല്ലാരിമംഗലം സ്വദേശികളായ റഫീഖ്,റൗഫ്, മുജീബ്, മുഹമ്മദ് എന്നിവര്‍ക്കെതിരെ വിദ്യാർഥി പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ പോലീസ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Read also: ‘കോൺഗ്രസിനെ രക്ഷിക്കൂ’; കെസി വേണുഗോപാലിന് എതിരെ കോഴിക്കോടും പോസ്റ്റർ