യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതൽ കർശന പരിശോധനയും പിഴയും

വലിയ കമ്പനി മുതൽ ചെറുകിട സ്‌ഥാപനങ്ങളും കൃഷിയിടങ്ങളിലും വരെ പരിശോധന നടത്താനാണ് പദ്ധതി. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്‌ഥാപനത്തിന് നാളെ മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

By Senior Reporter, Malabar News
Malabar News_uae
Representational image
Ajwa Travels

അബുദാബി: യുഎഇയിൽ രണ്ടുമാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെ കർശന മുന്നറിയിപ്പുമായി അധികൃതർ. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്‌ഥാപനത്തിന് നാളെ മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) എന്നിവയാണ് ഇക്കാര്യം അറിയിച്ചത്.

നാളെ മുതൽ യുഎഇയിൽ ഉടനീളം പരിശോധന ഊർജിതമാക്കും. വലിയ കമ്പനി മുതൽ ചെറുകിട സ്‌ഥാപനങ്ങളും കൃഷിയിടങ്ങളിലും വരെ പരിശോധന നടത്താനാണ് പദ്ധതി. പിടിക്കപ്പെട്ടാൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. നിയമലംഘകർക്ക് ജോലിയും അഭയവും നൽകുന്നവർക്ക് കുറ്റത്തിന്റെ ഗൗരവം അനുസരിച്ചു ഒരുലക്ഷം ദിർഹം മുതൽ പത്തുലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി.

അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ നൽകിയ രണ്ടുമാസത്തെ കാലാവധി ആയിരക്കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പൊതുമാപ്പ് കേന്ദ്രങ്ങളിലേക്ക് അപേക്ഷകരുടെ ഒഴുക്കായിരുന്നു. ഇന്നും വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

പൊതുമാപ്പിലൂടെ രാജ്യം വിടുന്നവർക്ക് പുതിയ വിസയിൽ ഏത് സമയത്തും തിരിച്ചുവരാമെന്ന് ജിഡിആർഎഫ്എയിലെ ഇൻവെസ്‌റ്റിഗേഷൻ അഫയേഴ്‌സ് ഡെപ്യൂട്ടി അസി. ഡയറക്‌ടർ ജനറൽ കേണൽ അബ്‌ദുല്ല ആതിഖ് പറഞ്ഞു. അതിനാൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താനുള്ള അവസാന അവസരം പാഴാക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

17 വർഷത്തിനിടെ നാലാം തവണയാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2018ലായിരുന്നു ഏറ്റവുമൊടുവിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ടു മാസത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാൽ, ഇത്തവണ പൊതുമാപ്പ് നീട്ടില്ലെന്ന് അധികൃതർ വ്യക്‌തമാക്കി.

അനധികൃത താമസക്കാർക്ക് തിരിച്ചുപോകാൻ സെപ്‌തംബർ ഒന്നിനായിരുന്നു രണ്ടുമാസത്തെ കാലാവധിയോടെ രാജ്യത്ത് പൊതുമാപ്പിന്റെ തുടക്കമായത്. ഇതിനകം ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളികളടക്കം ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടത്. നിയമാനുസൃതം തിരിച്ചെത്തി ജോലിയിലോ പുതിയ സംരംഭത്തിലോ ഏർപ്പെടാനായി തയ്യാറെടുക്കുന്നവരും ഒട്ടേറെയാണ്.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE