ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേർക്ക് പുതുതായി കോവിഡ് 19 റിപ്പോർട് ചെയ്തു. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറവ് കണക്കുകളാണിത്. 1,89,232 പേർ രോഗമുക്തി നേടി. 2,677 കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 2,88,09,339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,46,759 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അതേസമയം, ഇന്ത്യയിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 14.77 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 36,47,46,522 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. 20,36,311 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്.
അതേസമയം, ഇന്നലെ 13,659 കേസുകൾ കൂടി പുതുതായി റിപ്പോർട് ചെയ്തതോടെ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 58.19 ലക്ഷമായി ഉയർന്നു. 95.01 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.71 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 23 കോടി പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read also: ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചു; സുവേന്ദു അധികാരിക്കെതിരെ കേസ്