കവരത്തി : ലക്ഷദ്വീപിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെ ദ്വീപ് നിവാസികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ദ്വീപിലെ 80 ശതമാനം ആളുകളുടെയും ഉപജീവനമാർഗം മുടങ്ങിയ അവസ്ഥയിൽ ആണെന്നും, ഈ സാഹചര്യത്തിൽ ദ്വീപ് നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗം കെകെ നാസിഹാണ് ദ്വീപ് നിവാസികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപിൽ ലോക്ക്ഡൗൺ നീട്ടിയതായി അധികൃതർ വ്യക്തമാക്കിയത്. തുടർന്ന് കർശന നിയന്ത്രണങ്ങൾ ദ്വീപിൽ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിലവിൽ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങളിൽ പ്രതിഷേധം അറിയിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളാണ് ലക്ഷദ്വീപിൽ നടക്കുന്നത്. ഇതിനിടയിലാണ് ഇപ്പോൾ ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം ഭരണകൂടം എടുത്തത്.
Read also : ജനസംഖ്യയും വ്യാപനവും അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകും; പുതിയ മാർഗനിർദ്ദേശം