ഡെൽഹി: ഒമൈക്രോൺ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ഡെൽഹിയിൽ നിന്ന് അയച്ച സാമ്പിളുകളുടെ ഫലം സർക്കാർ ഇന്ന് പുറത്ത് വിടും. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്‌ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമൈക്രോൺ വകഭേദമാണെന്നാണ് സൂചന. സംസ്‌ഥാനങ്ങൾക്ക് ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ ആവർത്തിച്ച് നിർദേശം നൽകുന്നുണ്ട്.
പരിശോധന, നിരീക്ഷണം എന്നിവയിൽ വീഴ്‌ച വരുത്തരുതെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു. കോവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, കർണാടക, തമിഴ്‌നാട്, ഒഡിഷ, മിസോറം, ജമ്മു കശ്‌മീർ എന്നി സംസ്‌ഥാനങ്ങൾക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിർദേശം നൽകി. കോവിഡ് വ്യാപനം കുറയ്‌ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.
കർണാടകയ്‌ക്ക് പിന്നാലെ ഇന്നലെ ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ 72കാരനും, മഹാരാഷ്‌ട്രയില്‍ 32കാരനുമാണ് പുതിയ വകഭേദം സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌ത ഒമൈക്രോൺ കേസുകളുടെ എണ്ണം നാലായി.
അതേസമയം മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണ കാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട് ചെയ്‌തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. മുന്‍ വകഭേദങ്ങളെക്കാൾ വേഗത്തില്‍ ഒമൈക്രോൺ ബാധിച്ചവര്‍ക്ക് രോഗമുക്‌തി കിട്ടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയവും വിലയിരുത്തുന്നു.
Must Read: കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല; മുന്നറിയിപ്പില്ലാതെ വീണ്ടും ഡാം തുറന്നു






































