കോഴിക്കോട്: ജില്ലയിലെ മുക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. ഇന്നലെ സന്ധ്യയോടെയായിരുന്നു മുക്കം അഗസ്ത്യമൂഴിയിൽ ഭ്രാന്തൻ നായയുടെ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റ് പരിക്കേറ്റ ആറുപേരെ മുക്കത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കൈക്കും കാലിനുമാണ് ഭൂരിഭാഗം പേർക്കും കടിയേറ്റത്. നിരവധിപേരെ കടിച്ച നായ മറ്റു നായകളെയും ആക്രമിച്ചു. നായക്ക് പേ ബാധ ഉണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇന്നലെ തെച്ചിയാട് പരിസരത്തും നായയുടെ ആക്രമണം ഉണ്ടായിരുന്നു. തെച്ചിയാട് നായ പശുക്കളെ കടിച്ചതായും പരാതി ഉണ്ട്.
അതേസമയം, മുക്കം നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും നായക്കായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഏറെ വൈകിയിട്ടും നായയെ കണ്ടെത്താനാകാത്തതോടെ തിരച്ചിൽ ഉപേക്ഷിച്ചു.
Most Read: റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; വിശിഷ്ടാതിഥിയില്ല, കനത്ത ജാഗ്രത