ഒളിച്ചോടിയ 6 പെൺകുട്ടികളിൽ ഒരാൾകൂടി പിടിയിൽ; ഇനിയും 4പേരെ കണ്ടെത്തണം

By News Desk, Malabar News
four childrens-missing-kozhikode

ബെംഗളൂരു: വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടി ബെംഗളൂരുവിൽ എത്തിയ പെൺകുട്ടികളിൽ ഒരാൾ കൂടി പിടിയിൽ. സ്വകാര്യ ബസിൽ നാട്ടിലേക്ക് വരുമ്പോള്‍ മണ്ഡ്യയില്‍ വച്ചാണ് പെൺകുട്ടിയെ പിടികൂടിയത്. ഇന്നലെ മറ്റൊരു പെൺകുട്ടിയെ കൂടി കണ്ടെത്തിയിരുന്നു. ഒളിച്ചോടിയ 6 പെൺകുട്ടികളിൽ രണ്ടുപേരെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. നാല് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ബസിൽ നിന്ന് പിടികൂടിയ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അമ്മയുടെ നമ്പരാണ് പെണ്‍കുട്ടി നല്‍കിയത്. ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ അമ്മ ഫോണെടുത്ത് വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തന്റെ ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്‌ക്ക് പോയിട്ടുണ്ടാകാമെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.

പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന 2 യുവാക്കൾ പോലീസ് കസ്‌റ്റഡിയിലാണ്. ഇവർ കൊല്ലം, തൃശൂര്‍ സ്വദേശികളെന്നാണ് സൂചന. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ ഹോട്ടലിൽ എത്തി വിവരങ്ങൾ അന്വേഷിച്ച യുവാക്കൾ നാലരയോടെ പെണ്‍കുട്ടികളുമായി മുറി ബുക്ക് ചെയ്യാനെത്തി. സംശയം തോന്നി ഹോട്ടല്‍ അധികൃതര്‍ തടഞ്ഞു വച്ചതിനെ തുടര്‍ന്ന് എല്ലാവരും ഓടിരക്ഷപ്പെട്ടു. ഇതിനിടെ പെൺകുട്ടികളിൽ ഒരാൾ യുവാക്കൾക്കൊപ്പം മഡിവാള പോലീസിന്റെ പിടിയിലാവുകയായിരുന്നു.

മഡിവാള മാരുതിനഗറിലെ സര്‍വീസ് അപ്പാര്‍ട്‌മെന്റിലാണ് യുവാക്കൾ പെൺകുട്ടികളുമായി മുറിയെടുക്കാൻ എത്തിയത്. ഇവരുടെ കൈയില്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതിരുന്നതോടെയാണ് ഹോട്ടല്‍ അധികൃതര്‍ക്ക് സംശയം തോന്നിയത്. പോലീസ് എത്തും മുൻപ് 5 പെണ്‍കുട്ടികള്‍ ജീവനക്കാരെ വെട്ടിച്ച് ഓടിപ്പോയി. കോഴിക്കോട് നിന്നുള്ള പോലീസ് സംഘവും ബെംഗളൂരുവിൽ എത്തിയിരുന്നു.

ബുധനാഴ്‌ചയാണ് പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായത്. റിപ്പബ്‌ളിക് ദിനാഘോഷത്തിനിടെ ആറു പെൺകുട്ടികളും ഒരുമിച്ച് കെട്ടിടത്തിന് മേല്‍ ഏണി വച്ച് ഇറങ്ങിപ്പോയെന്നാണ് ചിൽഡ്രൻസ് ഹോം അധികൃതർ പോലീസിന് നൽകിയ വിവരം. കാണാതായ ആറു പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ആറു പേർക്കും പ്രായപൂർത്തിയായിട്ടില്ല.

ചേവായൂർ പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ ബെംഗളൂരുവിൽ എത്തിയെന്ന് കണ്ടെത്തിയത്. പിടിയിലായ പെൺകുട്ടികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് പെൺകുട്ടികളെ ഉടൻ തന്നെ കണ്ടെത്താനാകുമെന്നാണ് പോലീസ് പറയുന്നത്.

വിവിധ ജീവിത സാഹചര്യങ്ങൾ കൊണ്ട് എത്തിച്ചേരുന്നതാണ് ഈ കുട്ടികൾ. കുഞ്ഞുനാളിൽ ഉപേക്ഷിക്കപ്പെട്ടോ, മാതാപിതാക്കൾ ഇല്ലാത്തത് മൂലമോ, കടുത്ത ദാരിദ്ര്യം മൂലമോ സർക്കാർ സംരക്ഷണത്തിലേക്ക് എത്തിച്ചേരുന്ന ഈ കുട്ടികൾ കടുത്ത മാനസിക പ്രയാസങ്ങളും അരക്ഷിതാവസ്‌ഥയും ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികളാണ്. സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Also Read: ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണം; ക്രൈം ബ്രാഞ്ചിനോട് ദിലീപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE