കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ രാജീവന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. പോസ്‌റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്. അഴുകിയ ശരീരഭാഗങ്ങൾ പലയിടത്തായി ചിതറി കിടന്നത് മൃഗങ്ങൾ കടിച്ചു കൊണ്ടിട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, മൃതദേഹ അവശിഷ്‌ടങ്ങൾ വിദഗ്‌ധ പരിശോധനക്കായി ഫോറൻസിക് വിഭാഗത്തിന് അയച്ചു. മൃതദേഹം കത്തിക്കരിഞ്ഞു അഴുകിയതിനാൽ പോസ്‌റ്റുമോർട്ടത്തിൽ മരണകാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ആത്‍മഹത്യ ആകാനാണ് സാധ്യതയെന്നാണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കാലുകൾ മൃഗങ്ങൾ കടിച്ചു കൊണ്ടുപോയി രണ്ടിടത്തായി ഇട്ടതാകാനുള്ള സാധ്യതയാണ് പോലീസ് ഉന്നയിക്കുന്നത്.
അതിനിടെ, മരിച്ച രാജീവിന്റെ സുഹൃത്തുക്കളെയും നാട്ടുകാരെയും സംശയമുള്ള മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. ഇന്നലെ രാവിലെയാണ് കൊയിലാണ്ടി ഊരള്ളൂരിൽ രാജീവിന്റെ മൃതദേഹം കത്തിക്കരിഞ്ഞു അഴുകിയ നിലയിൽ കണ്ടെത്തിയത്. പുതിയേടത്ത് താഴത്ത് ആൾതാമസമില്ലാത്ത വീടിന് സമീപത്തെ വയലിൽ നിന്നാണ് മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തിയത്.
വയലിൽ മൂന്നിടത്തായി അഴുകിയ നിലയിലായിരുന്നു മൃതദേഹത്തിന്റെ ഭാഗങ്ങൾ. രാവിലെ രണ്ട് കാലുകളാണ് കത്തിക്കരിഞ്ഞ നിലയിൽ ആദ്യം കണ്ടെത്തിയത്. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അരക്ക് മുകളിലുള്ള ഭാഗം കണ്ടെത്തിയത്. വടകര ഡിവൈഎസ്‌പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Most Read| സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷം; നിരക്ക് ഉയരുമെന്ന സൂചന നൽകി മന്ത്രി