യുപി മുൻ മന്ത്രിയുടെ വീട്ടിൽ ദളിത് പെൺകുട്ടിയുടെ മൃതദേഹം

By Desk Reporter, Malabar News
The body of a dalit girl at the house of a former UP minister
Ajwa Travels

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിൽ നിന്നും രണ്ട് മാസങ്ങള്‍ക്ക് മുൻപ് കാണാതായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം സമാജ്‌വാദി പാര്‍ട്ടി മുന്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന ഫത്തേഹ് ബഹാദൂര്‍ സിംഗിന്റെ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കാണെപ്പെട്ടത്. ഫത്തേഹ് സിംഗിന്റെ മകനായ രാജോള്‍ സിംഗാണ് പെണ്‍കുട്ടിയെ കാണാതായ കേസിലെ മുഖ്യപ്രതി.

കഴിഞ്ഞ ഡിസംബര്‍ 8ന് 22കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അവരുടെ അമ്മ പോലീസിൽ പരാതി നല്‍കിയിരുന്നു. മുന്‍ മന്ത്രി ഫത്തേഹ് സിംഗിന്റെ മകനായ രാജോള്‍ സിംഗ് മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു അവരുടെ പരാതി.

എന്നാല്‍ പോലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് ജനുവരി 24ന് പെണ്‍കുട്ടിയുടെ അമ്മ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നില്‍ വെച്ച് ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു.

അതേസമയം, പെണ്‍കുട്ടിയുടെ പോസ്‌റ്റുമോർട്ടം നടപടികള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. “ഞങ്ങള്‍ റിമാന്‍ഡില്‍ കഴിയുന്ന രാജോള്‍ സിംഗിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിനു ശേഷമാണ് പ്രത്യേക സംഘം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ വീടിന് സമീപത്തുള്ള ആശ്രമത്തില്‍ സംസ്‌കരിച്ച നിലയിലായിരുന്നു മൃതദേഹം,”- ഉന്നാവോ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശശി ശേഖര്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതല്‍ പേര്‍ അറസ്‌റ്റിൽ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിൽ സംഭവം രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി) നേതാവ് മായാവതി രംഗത്തെത്തി. “ഉന്നാവില്‍ എസ്‌പി നേതാവിന്റെ വീടിനടുത്ത് നിന്നും ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് വളരെ ഗൗരവമേറിയ കാര്യമാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് എസ്‌പി നേതാവിന്റെ മകനാണെന്ന് കുടുംബം നേരത്തെ സംശയമുന്നയിച്ചിരുന്നു,”-മായാവതി പറയുന്നു.

യുപി സര്‍ക്കാര്‍ ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും, ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

Most Read:  ഗുജറാത്ത് തീരത്തെ പാക് ബോട്ടുകൾ; 6 പാകിസ്‌ഥാൻ സ്വദേശികൾ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE