മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ തളർന്ന് കിടക്കുന്ന അമ്മയുടെ തൊട്ടടുത്ത് വെച്ച് പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് പിന്നാലെ പെൺകുട്ടിക്ക് നേരെ പ്രതി വധഭീഷണിയും മുഴക്കി. മലപ്പുറം അരീക്കോടാണ് ഞെട്ടിപ്പിക്കുന്ന പീഡനം നടന്നത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ബാധിച്ചു കട്ടിലിൽ നിന്ന് ഇറങ്ങാൻ പോലും കഴിയാതെ കിടപ്പിലായ അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അർധരാത്രിയാണ് ക്രൂരമായി പീഡിപ്പിച്ചത്.
മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടിവി ഷിഹാബാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. വാടക ക്വാർട്ടേഴ്‌സിന്റെ കതക് ചവിട്ടി തുറന്നാണ് പ്രതി അകത്തുകയറിയത്. തുടർന്ന് അമ്മ കിടക്കുന്നതിന്റെ തൊട്ടടുത്ത് വെച്ച് മകളെ പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്നാണ് പോലീസെത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
ഇതേ യുവതിയെ മൂന്ന് മാസം മുൻപും പ്രതി പീഡിപ്പിച്ചിരുന്നു. എന്നാൽ, ഭയം മൂലം പുറത്ത് പറഞ്ഞിരുന്നില്ല. ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. പോലീസ് കസ്‌റ്റഡിയിൽ എടുത്തതിന് പിന്നാലെ പരാതി അറിയിച്ച അയൽക്കാരിയുടെ ഭർത്താവിന്റെ ഫോണിൽ വിളിച്ച ഒരാൾ കേസിൽ സാക്ഷി പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു.
Most Read: അടുത്ത കോവിഡ് വ്യാപനം എട്ട് മാസത്തിനുള്ളിൽ; പുതിയ വകഭേദം ആശങ്കയാകും






































