ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജനതാദൾ യുണൈറ്റഡ് ദ്രൗപതിയുടെ സ്ഥാനാർഥിത്വത്തെ പിന്തുണച്ച് രംഗത്തെത്തി. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് പിന്തുണ പ്രഖ്യാപിച്ചത്. ഉന്നതപദവിയിലേക്ക് ഒരു പട്ടികവിഭാഗ വനിതയെ നാമനിർദ്ദേശം ചെയ്തതിൽ സന്തോഷമെന്നും നിതീഷ് കുമാർ പ്രതികരിച്ചു.
ദ്രൗപതി മുർമുവിന് ജെഡിയുവിന്റെ സമ്പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നാണ് നിതീഷ് കുമാർ ഇന്ന് വ്യക്തമാക്കിയത്. ആദിവാസി ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു വനിത രാഷ്ട്രപതി സ്ഥാനത്തേക്ക് മൽസരിക്കുന്ന അവസരത്തിൽ തങ്ങളുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ ബിജു ജനതാദളും ദ്രൗപതി മുർമുവിന് പിന്തുണ നൽകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇക്കാര്യം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകാനാണ് സാധ്യത. വെള്ളിയാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, എൻഡിഎയുടെ പ്രധാന ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ ദ്രൗപതിക്കൊപ്പം പാർലമെന്റിൽ എത്തുമെന്നാണ് വിവരം.
Most Read: ആദ്യ കാഴ്ചയിൽ പ്രണയം, ‘കളിപ്പാവ’യെ വിവാഹം ചെയ്ത് യുവതി; വേറിട്ട ദാമ്പത്യം