കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. പോലീസുകാരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും, ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണെന്നും കമ്മീഷണർ തുറന്നടിച്ചു.
പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കെ സേതുരാമന്റെ വെളിപ്പെടുത്തൽ. ഒരു വശത്ത് ലഹരിക്കെതിരെ പ്രതിരോധ കോട്ട തീർക്കുകയാണ് പോലീസ്. ഇതിനിടയിലാണ് പോലീസുകാരുടെ മക്കൾക്കിടയിൽ തന്നെ ലഹരി ഉപയോഗം വ്യാപകമാണെന്ന് വ്യക്തമായത്. എല്ലാ റാങ്കിലുമുള്ള പോലീസുകാരുടെ മക്കളും ലഹരിക്ക് അടിമകൾ ആയിട്ടുണ്ടെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് വ്യാപകമായിരിക്കുകയാണ്. അത് പോലീസ് എങ്ങനെ പരിഹരിക്കുമെന്ന് ജനങ്ങൾ ഉറ്റുനോക്കുകയാണ്. അക്കാര്യത്തിൽ കാര്യക്ഷമമായി മുന്നോട്ട് പോകണം. ദേശീയ ശരാശരിയേക്കാൾ കുറവാണ് കേരളത്തിൽ മയക്കുമരുന്ന് ഉപയോഗം. രാജ്യത്ത് 2.5 ശതമാനം ആളുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ കേരളത്തിലിത് 1.2 ശതമാനം മാത്രമാണ്. എന്നിരുന്നാലും, ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്നും കമ്മീഷണർ പറഞ്ഞു.
Most Read: റോഡ് ക്യാമറ; വില വെളിപ്പെടുത്താത്ത കെൽട്രോൺ നടപടി അഴിമതി മൂടിവെക്കാൻ- രമേശ് ചെന്നിത്തല