കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് 120 രൂപ വർധിച്ചു 45,440 ആയി. ഗ്രാം വിലയിൽ 15 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5680 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.
24 കാരറ്റ് സ്വർണത്തിലും ഇന്നും സമാനമായ നിരക്കിലുള്ള വർധനവ് ഉണ്ടായിട്ടുണ്ട്. പവന് 128 രൂപ വർധിച്ചു 49,568 എന്ന നിരക്കിലും ഗ്രാമിന് 16 രൂപ വർധിച്ചു 6196 രൂപാ നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മെയ് അഞ്ചിന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്ക്.
ഒക്ടോബർ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഇത് കുറഞ്ഞു ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരുകയാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിനെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരും. റെക്കോഡ് വിലയിലേക്കാണ് സ്വർണം കുതിക്കുന്നത് എന്നാണ് സൂചന.
Most Read| കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ