ബത്തേരി: ചീരാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ് (20) ആത്മഹത്യാ പ്രേരണാകുറ്റത്തിന് നൂൽപ്പുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഈ മാസം 20ന് ആണ് ഒമ്പതാം ക്ളാസ് വിദ്യാർഥിനി അലീന ബെന്നിയെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ കുട്ടിയുടെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉൾപ്പടെ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ആത്മഹത്യയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.
പെൺകുട്ടിയും ആദിത്യനും ഇൻസ്റ്റാഗ്രാമിൽ തുടർച്ചയായി ചാറ്റ് ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നൂൽപ്പുഴ എസ്എച്ച്ഒ. എജെ അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലിസ്ഥലത്ത് എത്തിയാണ് ആദിത്യനെ കസ്റ്റഡിയിൽ എടുത്തത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആദിത്യൻ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മറ്റൊരു പെൺകുട്ടിയുമായി ആദിത്യന് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതായാണ് സൂചന.
Most Read| സംവരണ ഓർഡിനൻസിന്റെ കരട് സർക്കാർ പുറത്തുവിട്ടു; മറാഠ സമരം അവസാനിപ്പിച്ചു