ന്യൂഡെൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും യെമനിൽ എത്തിയത്. സനയിലെത്തി നിമിഷപ്രിയയെ കാണാനാണ് ഇവർ ആദ്യം ശ്രമിക്കുക. സനയിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോൾ.
പിന്നീടായിരിക്കും കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായും ഗോത്രത്തലവൻമാരുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുക. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടും യെമൻ ജനതയോടും പൊതുവായി മാപ്പ് പറയുന്നതും നിമിഷപ്രിയയെ വിട്ടയക്കണമെന്ന് അപേക്ഷിക്കുന്നതും അടക്കമുള്ള കാര്യങ്ങളും ഇവരുടെ ആലോചനയിലുണ്ട്. കുടുംബം ആശ്വാസധനം (ബ്ളഡ് മണി) സ്വീകരിച്ച് മാപ്പപേക്ഷ അംഗീകരിച്ചാൽ നിമിഷപ്രിയയുടെ മോചനത്തിന് വഴിതെളിയും.
ആഭ്യന്തരയുദ്ധം നടക്കുന്ന രാജ്യമായതിനാൽ യെമനിലെ നിലവിലെ ഭരണകൂടവുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഇവിടുത്തെ എംബസി പ്രവർത്തിക്കുന്നത് ജിബൂട്ടിയിലാണ്. എംബസിയും സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലുമാണ് യെമനിലെ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. നയതന്ത്ര ചർച്ചകൾക്ക് പോലും വിദൂര സാധ്യതയുള്ള കേസിൽ പ്രതീക്ഷ നൽകുന്ന ചുവടുവെപ്പാണ് പ്രേമകുമാരിയുടെ യെമനിലേക്കുള്ള യാത്ര.
ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് 5.30നുള്ള വിമാനത്തിലാണ് പ്രേമകുമാരിയും സാമുവൽ ജെറോമും യാത്ര പുറപ്പെട്ടത്. ഡെൽഹി ഹൈക്കോടതിയാണ് യെമനിലേക്ക് പോകാൻ പ്രേമകുമാരിക്ക് അനുമതി നൽകിയത്. 2017 ജൂലൈ 25നാണ് നിമിഷ പ്രിയ യമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ളിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന ഇയാൾ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
എന്നാൽ, അബ്ദുമഹ്ദിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കാര്യം തനിക്കറിയില്ലെന്ന നിമിഷപ്രിയയുടെ വാദം വിചാരണ കോടതി അംഗീകരിച്ചില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ സുപ്രീം കോടതിവരെ അപ്പീൽ പോയെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു.
Most Read| മാതൃകാ പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്