2025ൽ ഏറ്റവും കൂടുതൽ പേർക്ക് ലൈസൻസ് പോയത് മദ്യപിച്ച് വാഹനം ഓടിച്ചതിന്. 2025 സെപ്തംബർ വരെയുള്ള കണക്കുകൾ പ്രകാരം 3305പേരുടെ ലൈസൻസാണ് താൽക്കാലികമായി റദ്ദ് ചെയ്തത്. ഇവരിൽ 37 ശതമാനം പേരും മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസൻസ് പോയവരാണ്.
വാഹനാപകട മരണമാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. ഇതിന് കാരണക്കാരായ ഡ്രൈവർമാരുടെ ലൈസൻസാണ് താൽക്കാലികമായി റദ്ദ് ചെയ്തിരിക്കുന്നത്. 558 പേർക്കാണ് ഇത്തരത്തിൽ ലൈസൻസ് പോയത്. അമിത വേഗവും ഫോൺ ഉപയോഗവുമാണ് മറ്റു കാരണങ്ങൾ. അമിത വേഗത്തിന്റെ പേരിൽ 155 പേർക്കും മൊബൈൽ ഫോൺ ഉപയോഗത്തിന്റെ പേരിൽ 90 പേർക്കും ലൈസൻസ് നഷ്ടമായി.
ഇതുമാത്രമല്ല ചരക്കുവാഹനങ്ങളുടെ നിയമലംഘനങ്ങളും ഈ പരിധിയിൽ പെടും. ഇതുപ്രകാരം അനുവദനീയമായതിൽ കൂടുതൽ ഭാരം കയറ്റിയതിന് 59 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് ആറുമാസം മുതൽ രണ്ടുവർഷം വരെയാണ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കുന്നത്.
കണക്കുകൾ പ്രകാരം കഴിഞ്ഞ ആറുവർഷത്തിനിടെ 59477 പേരുടെ ലൈസൻസാണ് വിവിധ നിയമലംഘനങ്ങൾ നടത്തിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ നാലുവർഷത്തിനിടെ ലൈസൻസ് നഷ്ടപ്പെടുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്.
2025ൽ സെപ്തംബർ വരെ മാത്രം 9051 പേർക്ക് ലൈസൻസ് നഷ്ടമായി. ഒക്ടോബർ മുതൽ അങ്ങോട്ടുള്ള മാസങ്ങളിലെ കണക്ക് നോക്കിയാൽ ശിക്ഷാ നടപടികളുടെ എണ്ണം 10,000 കടക്കുമെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ നൽകുന്ന സൂചന.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!






































